തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്. ശ്രീലേഖയ്ക്ക് നോട്ടീസ്. കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. ശ്രീകുമാര്‍ സമര്‍പ്പിച്ച ക്രിമിനല്‍ മാനനഷ്ട ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഡിസംബര്‍ രണ്ടിലേക്ക് മാറ്റി.
നേരത്തെ, ഇതേ സംഭവത്തില്‍ ആര്. ശ്രീലേഖയ്ക്കെതിരെ പുനലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സമൂഹത്തില്‍ ലഹളയുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഭാരതീയ ന്യായ സംഹിതയിലെ (BNS) 192-ാം വകുപ്പ് പ്രകാരമാണ് എഫ്.ഐ.ആര് തയാറാക്കിയിരുന്നത്.

പുനലൂരില്‍ സംഘടിപ്പിച്ച ബിജെപി ജനസഭ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു ശ്രീലേഖയുടെ വിവാദ പ്രസംഗം. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ സമരങ്ങളെ മയക്കുമരുന്ന് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന വെപ്രാളത്തോടും താണ്ഡവത്തോടുമാണ് അവര്‍ ഉപമിച്ചത്. ഇതിനെതിരെയാണ് കോണ്‍ഗ്രസ് നിയമനടപടിയുമായി മുന്നോട്ടുപോയത്.
