Wednesday, November 11, 2026

ഭൂകമ്പ ഭീഷണി: 50 ബില്യൺ ഡോളറിന്റെ അടിയന്തര ഫണ്ട് പ്രഖ്യാപിച്ച് കാനഡ

വൻകൂവർ: വൻഭൂകമ്പ ഭീഷണി നേരിടുന്ന പസഫിക് തീരമേഖലയ്ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ 50 ബില്യൺ ഡോളർ വരെ ചെലവഴിക്കാവുന്ന ഭൂകമ്പ ഇൻഷുറൻസ് ഫണ്ട് പ്രഖ്യാപിച്ച് കാനഡ സർക്കാർ. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ രണ്ടാമത് ബജറ്റിന്റെ ഭാഗമായി ‘കനേഡിയൻ എർത്ത്ക്വേക്ക് ഇൻഷുറൻസ് ഫെസിലിറ്റി’ സ്ഥാപിക്കുന്നതിനുള്ള നിയമനിർമാണ നിർദേശം ധനമന്ത്രി ഫ്രാൻസിസ് ഫിലിപ്പ് ഷാംപെയ്ൻ അവതരിപ്പിച്ചു.

അടുത്ത 50 വർഷത്തിനുള്ളിൽ കാനഡയുടെ പസഫിക് തീരമേഖലയിൽ ശക്തമായ ഭൂകമ്പമുണ്ടാകാൻ 30 ശതമാനം സാധ്യതയുണ്ടെന്ന വിദഗ്ധ പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. വൻ ദുരന്തങ്ങൾ സംഭവിച്ചാൽ ഇൻഷുറൻസ് മേഖലയ്ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത സംരക്ഷിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

ഭൂകമ്പത്തെ തുടർന്നുണ്ടാകുന്ന നാശനഷ്ടങ്ങൾ നൂറുകണക്കിന് ബില്യൺ ഡോളറിലെത്താൻ സാധ്യതയുണ്ടെന്ന് കാനഡ ഇൻഷുറൻസ് ബ്യൂറോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം ദുരന്തങ്ങൾ ഇൻഷുറൻസ് കമ്പനികൾക്ക് മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ ആഘാതമുണ്ടാക്കാം. ജി7 രാജ്യങ്ങളിൽ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളുണ്ടെങ്കിലും സർക്കാർ തലത്തിൽ ഇത്തരമൊരു ഇൻഷുറൻസ് സുരക്ഷാ സംവിധാനം ഇല്ലാത്ത ഏക രാജ്യം കാനഡയാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടീഷ് കൊളംബിയയിലെ വൻകൂവർ ദ്വീപ്, വൻകൂവർ നഗരം എന്നിവിടങ്ങളിലാണ് പ്രധാനമായും ഭൂകമ്പ ഭീഷണിയുള്ളത്. 2011-ൽ ജപ്പാനിലുണ്ടായ ഭൂകമ്പത്തിന് സമാനമായി റിക്ടർ സ്കെയിലിൽ 8 മുതൽ 9 വരെ തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പത്തിനും തുടർന്ന് വലിയ സുനാമിയുണ്ടാകാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഫ്രേസർ നദിയുടെ ഡെൽറ്റ മേഖലയും പ്രത്യേക ആശങ്ക ഉയർത്തുന്നുണ്ട്. പസഫിക് ലിങ്ക് പൈപ്പ്‌ലൈൻ ഉൾപ്പെടെയുള്ള എണ്ണ-വാതക പദ്ധതികൾ കടന്നുപോകുന്ന ഈ മേഖലയിൽ ശക്തമായ ഭൂകമ്പമുണ്ടായാൽ മണ്ണിന്റെ ദ്രവീകരണമായ ‘ലിക്വിഫാക്ഷൻ’ സംഭവിക്കാം. ഇതുമൂലം കെട്ടിടങ്ങളും പൈപ്പ്‌ലൈനുകളും മണ്ണിലേക്ക് താഴ്ന്നുപോകുകയും വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാകുകയും ചെയ്യാമെന്ന് ജിയോഫിസിക്സ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ബ്രിട്ടീഷ് കൊളംബിയ, യുകോൺ മേഖലകൾക്ക് പുറമെ കിഴക്കൻ കാനഡയിലെ ഓട്ടവ, കെബെക് നഗരങ്ങളും ഭൂകമ്പ സാധ്യതയുള്ള ഷാർലെവോയ് മേഖലയുടെ പരിധിയിലാണ്. നിലവിൽ രാജ്യത്ത് ഭൂകമ്പ ഇൻഷുറൻസ് നിർബന്ധമല്ല. ബ്രിട്ടീഷ് കൊളംബിയയിൽ 50 മുതൽ 65 ശതമാനം വരെ ആളുകൾക്ക് ഭൂകമ്പ ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിൽ കെബെക്കിൽ ഇത് വെറും 4 മുതൽ 7 ശതമാനം വരെയാണ്.

പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനും ദുരന്താനന്തര പുനർനിർമാണത്തിന് ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനുമാണ് പുതിയ ഫണ്ട് ലക്ഷ്യമിടുന്നത്. നിയമനിർമാണ നടപടികൾ പൂർത്തിയാകുന്നതോടെ കാനഡയുടെ ദുരന്തനിവാരണ സാമ്പത്തിക സുരക്ഷാ സംവിധാനത്തിൽ നിർണായക മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!