എഡ്മിന്റൻ: ആൽബർട്ട പ്രവിശ്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കവുമായി ആൽബർട്ടയിലെ ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (UCP). പാർട്ടിയുടെ 87 മണ്ഡല സംഘടനാ പ്രസിഡന്റുമാരും ഹിതപരിശോധനാ ഫലം അംഗീകരിക്കുമെന്ന് വ്യക്തമാക്കുന്ന രഹസ്യസ്വഭാവമുള്ള കരാറിലും പെരുമാറ്റച്ചട്ടത്തിലും ഒപ്പിടണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതോടെയാണ് പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമായത്.
കാനഡയിൽ തുടരണമോ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങണമോ എന്ന വിഷയത്തിൽ ഒക്ടോബറിൽ നടന്ന ഹിതപരിശോധനയിൽ 75 ശതമാനം വോട്ടർമാരും കാനഡയിൽ തുടരുന്നതിനെ അനുകൂലിച്ചിരുന്നു. ഇതിന് പിന്നാലെ ഫലം അംഗീകരിച്ച് മുന്നോട്ടുപോകണമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പാർട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യവാദ നിലപാട് തുടരുന്നവർക്ക് മറ്റൊരു പാർട്ടിയിലേക്ക് മാറാമെന്നും അവർ സൂചിപ്പിച്ചിരുന്നു.
പാർട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഡസ്റ്റിൻ വാൻ വുഗ്റ്റ് അയച്ച കരാറിൽ, ഹിതപരിശോധനയിലെ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കുകയും മാനിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമെന്ന് മണ്ഡല പ്രസിഡന്റുമാർ പ്രഖ്യാപിക്കണമെന്നാണ് വ്യവസ്ഥ. ഈ വെള്ളിയാഴ്ചയ്ക്കകം രേഖയിൽ ഒപ്പിട്ട് തിരികെ നൽകാനാണ് നിർദേശം.
എന്നാൽ പുതിയ നിബന്ധനക്കെതിരെ നിരവധി മണ്ഡല പ്രസിഡന്റുമാർ രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന നടപടിയാണിതെന്നും പാർട്ടിക്കുള്ളിലെ ഐക്യം ശക്തിപ്പെടുത്തുന്നതിന് പകരം ഭിന്നത വർധിപ്പിക്കുമെന്നും അവർ ആരോപിക്കുന്നു.
കാൽഗറി-ലൗഹീഡ് മണ്ഡല സംഘടനാ പ്രസിഡന്റ് ഡാരൽ കോമിക് ഈ നീക്കത്തെ വിമർശിച്ചു. അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്താൻ ശ്രമിക്കുന്നത് പാർട്ടിയെ ഒന്നിപ്പിക്കില്ലെന്നും സന്നദ്ധപ്രവർത്തകരെ അകറ്റുമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞത് 15 മണ്ഡലത്തിലെ പ്രസിഡന്റുമാർ പുതിയ കരാറിൽ ഒപ്പിടാൻ വിസമ്മതിച്ച് പാർട്ടിക്ക് സംയുക്ത കത്ത് നൽകാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.

പാർട്ടിയുടെ നിലവിലുള്ള പെരുമാറ്റച്ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് സംരക്ഷണം നൽകുന്നുണ്ടെന്നും പുതിയ കരാർ അതിന് വിരുദ്ധമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സ്വാതന്ത്ര്യവാദികളായ അംഗങ്ങൾ മാത്രമല്ല, ആൽബർട്ട കാനഡയിൽ തുടരണമെന്ന് ആഗ്രഹിക്കുന്ന ചില നേതാക്കളും പുതിയ നിബന്ധനയെ എതിർക്കുന്നുണ്ട്.
ഹിതപരിശോധനാ ഫലത്തിന് പിന്നാലെ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടിയുടെ ഔദ്യോഗിക നിലപാട് കാനഡയുടെ ഐക്യത്തിന് അനുകൂലമാണെന്ന് ഡാനിയേൽ സ്മിത്ത് വ്യക്തമാക്കിയിരുന്നു. പാർട്ടിയുടെ പ്രവിശ്യാ ബോർഡ് അംഗങ്ങളും മണ്ഡല സംഘടനാ ഭാരവാഹികളും ഈ നിലപാട് പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പാർട്ടിയിലെ സ്ഥാനാർഥികൾക്കും നിയമസഭാംഗങ്ങൾക്കും ആൽബർട്ടയുടെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കാൻ കഴിയില്ലെന്നും സ്മിത്ത് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പാർട്ടിയിലെ സ്വാതന്ത്ര്യ അനുകൂല വിഭാഗം നേതൃത്വത്തിന്റെ നിലപാടിനെതിരെ അതൃപ്തി പ്രകടിപ്പിക്കുകയാണ്. സ്മിത്തിനെതിരെ നേതൃത്വ അവലോകനം ആവശ്യപ്പെട്ട് അഞ്ച് മണ്ഡല സംഘടനകൾ പ്രമേയം പാസാക്കിയിട്ടുണ്ട്.
ഈ മാസം കാൽഗറിയിൽ നടക്കുന്ന പാർട്ടി കൺവെൻഷനിൽ പ്രവിശ്യാ ബോർഡ് സ്ഥാനങ്ങളിലേക്ക് ചില സ്വാതന്ത്ര്യ അനുകൂല പ്രവർത്തകരും മത്സരിക്കുന്നുണ്ട്. ഹിതപരിശോധനാ ഫലം അംഗീകരിക്കുമെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കാനഡയ്ക്കുള്ളിൽ ആൽബർട്ടയ്ക്ക് കൂടുതൽ സ്വയംഭരണാധികാരം വേണമെന്ന ആവശ്യം തുടരുമെന്നും അറിയിച്ചിട്ടുണ്ട്.
പാർട്ടി ഭാരവാഹികൾക്കുള്ള രഹസ്യകരാറിൽ രാഷ്ട്രീയ നിലപാട് ഉൾപ്പെടുത്തുന്നത് അസാധാരണമാണെന്ന് ഭരണസംവിധാന വിദഗ്ധൻ നോളൻ ക്രൗസ് അഭിപ്രായപ്പെട്ടു.
ഹിതപരിശോധനയിൽ കാനഡയുടെ ഐക്യത്തിന് വ്യക്തമായ പിന്തുണ ലഭിച്ചെങ്കിലും ഭരണകക്ഷിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ തുടരുകയാണ്. ആൽബർട്ടയുടെ ഭാവി രാഷ്ട്രീയ നിലപാടിനെച്ചൊല്ലിയുള്ള തർക്കം പാർട്ടിയുടെ സംഘടനാ തലത്തിലും പുതിയ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്.
