Thursday, November 12, 2026

വിദേശികൾ കാനഡയിൽ വീടുകൾ വാങ്ങുന്നതിനുള്ള വിലക്ക് നീട്ടി; കനേഡിയൻ വംശജരായ അമേരിക്കക്കാർക്ക് ഇളവിനു സാധ്യത

ഓട്ടവ: കാനഡയില്‍ നിലവിലുള്ള വീടുകള്‍ വിദേശികള്‍ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. 2026 നവംബര്‍ അഞ്ചിന് അവതരിപ്പിച്ച ബജറ്റിലാണ് ഈ വിലക്ക് 2029 ജനുവരി ഒന്നുവരെ നീട്ടാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍, പുതുതായി നിര്‍മ്മിക്കുന്ന വീടുകള്‍ വാങ്ങുന്നതിന് വിദേശികള്‍ക്ക് അനുമതി നല്‍കാനും ബജറ്റില്‍ വ്യവസ്ഥയുണ്ട്. പ്രാരംഭ ഘട്ടത്തിലുള്ള ഈ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനായി സര്‍ക്കാര്‍ തുടര്‍നിയമനിര്‍മ്മാണങ്ങളും നിയന്ത്രണ നടപടികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

2023 ജനുവരി ഒന്നിനാണ് കനേഡിയന്‍ പൗരന്മാരല്ലാത്തവര്‍ രാജ്യത്ത് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നത് തടയുന്ന നിയമം നിലവില്‍ വന്നത്. ഗ്രാമീണ മേഖലകള്‍ക്കും കോട്ടേജ് പ്രദേശങ്ങള്‍ക്കും പുറമെ, ചില താല്‍ക്കാലിക തൊഴിലാളികള്‍, അഭയാര്‍ത്ഥികള്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഈ നിയമത്തില്‍ പരിമിതമായ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ, കനേഡിയന്‍ പാരമ്പര്യമുള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക് ഈ വിലക്കില്‍ നിന്ന് പൂര്‍ണ്ണമായ ഒഴിവ് ലഭിക്കും. ഇതിനായി കനേഡിയന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

2025 ഡിസംബര്‍ 15-ന് ബില്‍ സി-3 (Bill C-3) പ്രാബല്യത്തില്‍ വന്നതോടെ, പാരമ്പര്യത്തിലൂടെയുള്ള പൗരത്വത്തിന് ഉണ്ടായിരുന്ന ഒന്നാം തലമുറ പരിധി ഒഴിവാക്കിയിരുന്നു. ഇതനുസരിച്ച് 2025 ഡിസംബര്‍ 15-ന് മുന്‍പ് കാനഡയ്ക്ക് പുറത്ത് ജനിച്ചവര്‍ക്ക് മാതാപിതാക്കളോ മുത്തച്ഛനോ അതിന് മുന്‍പുള്ള പൂര്‍വ്വികരോ കനേഡിയന്‍ പൗരന്മാരാണെങ്കില്‍ സ്വയമേവ പൗരത്വത്തിന് അര്‍ഹതയുണ്ട്. നിലവില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ 34 മാസത്തോളം സമയമെടുക്കുന്നതിനാല്‍, കാനഡയില്‍ ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്ന അമേരിക്കക്കാര്‍ അപേക്ഷാ നടപടികള്‍ വേഗത്തിലാക്കുന്നതാണ് ഉചിതം.

അമേരിക്കന്‍ പൗരന്മാര്‍ക്കിടയില്‍ കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയോടുള്ള താല്‍പ്പര്യം റെക്കോര്‍ഡ് നിലവാരത്തിലാണെന്ന് പ്രമുഖ ഏജന്‍സിയായ റോയല്‍ ലെപേജ് വ്യക്തമാക്കുന്നു. 2026-ന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ യുഎസില്‍ നിന്നുള്ള അന്വേഷണങ്ങളില്‍ വലിയ വര്‍ദ്ധനവുണ്ടായി. അമേരിക്കയിലെ രാഷ്ട്രീയ സംഭവവികാസങ്ങളും ഇറാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളും ഉണ്ടായ ഘട്ടത്തില്‍, ഒരാഴ്ചയ്ക്കുള്ളില്‍ യുഎസ് ഉപയോക്താക്കളുടെ തിരച്ചിലില്‍ 125 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

കാനഡയിലെ വിവിധ പ്രവിശ്യകള്‍ വിദേശ വാങ്ങുന്നവരില്‍ നിന്ന് പ്രത്യേക നികുതികള്‍ ഈടാക്കുന്നുണ്ടെങ്കിലും കനേഡിയന്‍ പാരമ്പര്യമുള്ള പൗരന്മാര്‍ക്ക് ഇതില്‍ വലിയ ഇളവുകളുണ്ട്. ഒന്റാറിയോയിലെ 25 ശതമാനം സ്‌പെക്കുലേഷന്‍ ടാക്‌സ്, ടൊറന്റോയിലെ 10 ശതമാനം മുനിസിപ്പല്‍ ടാക്‌സ്, ബ്രിട്ടീഷ് കൊളംബിയയിലെ 20 ശതമാനം പ്രോപ്പര്‍ട്ടി ട്രാന്‍സ്ഫര്‍ ടാക്‌സ് എന്നിവ പാരമ്പര്യ പൗരന്മാര്‍ക്ക് ബാധകമല്ല. എന്നാല്‍ നോവ സ്‌കോട്ടിയയില്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ ആറുമാസത്തിനുള്ളില്‍ അവിടേക്ക് താമസം മാറിയില്ലെങ്കില്‍ 10 ശതമാനം ഡീഡ് ട്രാന്‍സ്ഫര്‍ ടാക്‌സ് നല്‍കേണ്ടിവരും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!