Sunday, November 15, 2026

പരസ്യനിയന്ത്രണം മറികടന്നോ? ന്യൂസിലൻഡിലെ പ്രമുഖ വേപ്പ് റീട്ടെയ്‌ലർ ഷോഷ വീണ്ടും ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിൽ

വെല്ലിങ്ടൺ: ന്യൂസിലൻഡിലെ ഏറ്റവും വലിയ വേപ്പ് (Vape) റീട്ടെയ്‌ലറായ ഷോഷ (Shosha) വീണ്ടും വിവാദത്തിൽ. രാജ്യത്ത് നിലവിലുള്ള വേപ്പ് ഉൽപ്പന്നങ്ങളുടെ പരസ്യനിയന്ത്രണങ്ങൾ മറികടന്ന് ഉപഭോക്താക്കളിലേക്ക് ഉൽപ്പന്നങ്ങളുടെ പരസ്യം എത്തിച്ചെന്ന ആരോപണത്തെത്തുടർന്ന് കമ്പനിയുടെ പ്രവർത്തനങ്ങൾ ആരോഗ്യ മന്ത്രാലയം വീണ്ടും പരിശോധിക്കുന്നു.

2025 ജൂൺ 17 മുതൽ പ്രാബല്യത്തിൽ വന്ന നിയമപ്രകാരം ന്യൂസിലൻഡിൽ വേപ്പ് ഉൽപ്പന്നങ്ങളുടെ പരസ്യത്തിന് കർശന നിയന്ത്രണങ്ങളുണ്ട്. വെബ്‌സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും വേപ്പ് ഉൽപ്പന്നങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതും നിരോധനത്തിന്റെ പരിധിയിൽ വരും.

നിയമം പ്രാബല്യത്തിൽ വരുന്നതിന് ഒരാഴ്ച മുമ്പ്, തങ്ങളുടെ പ്രാദേശിക വെബ്‌സൈറ്റായ shosha.co.nz-ൽ നിന്ന് ഉൽപ്പന്നങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്യുമെന്ന് ഷോഷ ഉപഭോക്താക്കൾക്ക് ഇമെയിൽ അയച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ അമേരിക്കൻ വിലാസത്തിൽ രജിസ്റ്റർ ചെയ്ത shosha.com എന്ന പുതിയ ‘ഗ്ലോബൽ’ വെബ്‌സൈറ്റിലേക്ക് ഉപഭോക്താക്കളെ നയിച്ചു. ഇവിടെ വേപ്പ് ഉൽപ്പന്നങ്ങളുടെ ചിത്രങ്ങൾ പൂർണമായും പ്രദർശിപ്പിക്കുകയും നേരിട്ട് ഓർഡർ ചെയ്യാനുള്ള സൗകര്യം നൽകുകയും ചെയ്തിരുന്നു.

എന്നാൽ, ഈ വെബ്‌സൈറ്റ് യഥാർത്ഥത്തിൽ ആഗോള ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതല്ലെന്നും ന്യൂസിലൻഡിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നിയമത്തിലെ പഴുതുകൾ ഉപയോഗിക്കുകയാണെന്നുമാണ് ഓക്‌ലൻഡ് സർവകലാശാലയിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

വെബ്‌സൈറ്റിലെ സ്റ്റോർ ഫൈൻഡർ സംവിധാനം പരിശോധിച്ചപ്പോൾ പട്ടികയിലുള്ള കടകളെല്ലാം ന്യൂസിലൻഡിലാണെന്ന് ഗവേഷകർ കണ്ടെത്തി. കൂടാതെ, shosha.com വഴി നടത്തിയ പരീക്ഷണ ഓർഡറുകൾ മൂന്ന് ദിവസത്തിനുള്ളിൽ ന്യൂസിലൻഡിലെ വിലാസങ്ങളിൽ എത്തുകയും ചെയ്തു. ഇവ ഓക്‌ലൻഡിൽ നിന്നാണ് അയച്ചതെന്നും തപാൽ രേഖകൾ വ്യക്തമാക്കുന്നു.

ഇതിന് പുറമെ, shosha.global എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയും നിരോധനത്തിന് ശേഷവും വേപ്പ് ഉൽപ്പന്നങ്ങളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നതായി ഗവേഷകർ കണ്ടെത്തി. 2025 ജൂൺ മുതൽ 2026 മേയ് വരെയുള്ള 67 പോസ്റ്റുകളാണ് സംഘം പരിശോധിച്ചത്. ഇതിൽ 46.3 ശതമാനം പോസ്റ്റുകളിലും മാവോറി ഭാഷയിലുള്ള മുന്നറിയിപ്പുകൾ ഉൾപ്പെട്ടിരുന്നു. 5.9 ശതമാനം പോസ്റ്റുകളിൽ മാവോറി പുതുവർഷമായ മതാരിക്കിയെക്കുറിച്ചുള്ള പരാമർശങ്ങളുമുണ്ടായിരുന്നു. ന്യൂസിലൻഡിലെ പ്രത്യേക നിക്കോട്ടിൻ നിയന്ത്രണങ്ങൾ സൂചിപ്പിക്കുന്ന വിവരങ്ങളും നിരവധി പോസ്റ്റുകളിൽ കണ്ടെത്തി. ഇതെല്ലാം ന്യൂസിലൻഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പരസ്യപ്രവർത്തനങ്ങളാണെന്നതിന് തെളിവാണെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

നേരത്തെ ഈ വെബ്‌സൈറ്റിനെക്കുറിച്ച് നടത്തിയ പരിശോധനയിൽ, അമേരിക്കയിൽ രജിസ്റ്റർ ചെയ്തതും അവിടെ ഹോസ്റ്റ് ചെയ്തതുമായ സൈറ്റാണെന്നും ന്യൂസിലൻഡിലേക്ക് നിയന്ത്രിത ഉൽപ്പന്നങ്ങൾ എത്തിക്കുന്നില്ലെന്നുമായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്റെ കണ്ടെത്തൽ. എന്നാൽ പുതിയ ഗവേഷണ വിവരങ്ങൾ പുറത്തുവന്നതോടെ വെബ്‌സൈറ്റിനെക്കുറിച്ചുള്ള തങ്ങളുടെ മുൻ നിലപാട് പുനഃപരിശോധിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.

അതേസമയം, ഇൻസ്റ്റഗ്രാം അക്കൗണ്ടിനെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഗവേഷണ റിപ്പോർട്ട് പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷം, നവംബർ ആറിന്, shosha.global എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഷോഷയോട് പ്രതികരണം തേടിയെങ്കിലും കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ന്യൂസിലൻഡിൽ വേപ്പ് ഉപയോഗം യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം പരസ്യങ്ങൾ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും ഈ സംഭവം വീണ്ടും ചർച്ചയാക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!