Sunday, November 15, 2026

ഇസ്രയേൽ നിലപാടിൽ ഭിന്നത; ഡെമോക്രാറ്റിക് പാർട്ടി വിടുമെന്ന് ജോൺ ഫെറ്റർമാൻ

വാഷിങ്ടൺ: ഇസ്രയേലിനോടുള്ള നിലപാടിൽ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസം വീണ്ടും ചർച്ചയാകുന്നു. ഇസ്രയേലിനെ വിമർശിക്കുന്ന ക്രിസ് വാൻ ഹോളൻ സെനറ്റിലെ പാർട്ടി നേതൃസ്ഥാനത്തേക്ക് എത്തിയാൽ ഡെമോക്രാറ്റിക് പാർട്ടി വിടുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് യുഎസ് സെനറ്റർ ജോൺ ഫെറ്റർമാൻ. പെൻസിൽവാനിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്ററാണ് ഫെറ്റർമാൻ.

ഫോക്സ് ന്യൂസിലെ ‘Saturday in America’ എന്ന പരിപാടിയിൽ അവതാരക കെയ്ലി മക്കനാനിയുമായുള്ള അഭിമുഖത്തിലാണ് ഫെറ്റർമാൻ ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി കൂടുതൽ ഇടതുപക്ഷ നിലപാടുകളിലേക്ക് നീങ്ങിയാൽ പുറത്തുപോകാൻ തയ്യാറാകുമോ എന്ന ചോദ്യത്തിന് ‘തീർച്ചയായും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ക്രിസ് വാൻ ഹോളൻ സെനറ്റിലെ ഡെമോക്രാറ്റിക് പാർട്ടി നേതാവാകുന്നത് ആശങ്കാജനകമാണെന്നും ഇസ്രയേലിനോട് ശത്രുതാപരമായ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും ഫെറ്റർമാൻ ആരോപിച്ചു. ഇസ്രയേലിന് നൽകുന്ന സൈനിക സഹായം നിയന്ത്രിക്കാനുള്ള ഡെമോക്രാറ്റിക് നേതാക്കളുടെ നീക്കങ്ങളെയും അദ്ദേഹം വിമർശിച്ചു. ഇറാനെതിരെയും ഹമാസ്, ഹിസ്ബുല്ല തുടങ്ങിയ സംഘടനകൾക്കെതിരെയും കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നായിരുന്നു ഫെറ്റർമാന്റെ അഭിപ്രായം.

എന്നാൽ വാൻ ഹോളൻ നേതാവായാൽ പാർട്ടി വിടുമെന്ന് കൃത്യമായ ഉറപ്പ് നൽകാൻ ഫെറ്റർമാൻ തയ്യാറായില്ല. തന്റെ പാർട്ടി ബന്ധം സംബന്ധിച്ച ചോദ്യത്തിന് താൻ ഇപ്പോഴും ഡെമോക്രാറ്റാണെന്നും ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

നിലവിലെ സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമറിനെ മാറ്റി നേതൃസ്ഥാനത്തെത്താനുള്ള ശ്രമത്തിലാണ് ക്രിസ് വാൻ ഹോളൻ. നവംബർ മൂന്നിന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് നേട്ടമുണ്ടായതിനെ തുടർന്നാണ് പുതിയ സെനറ്റ് നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. പാർട്ടിക്ക് പുതിയ ദിശാബോധം ആവശ്യമാണെന്നാണ് വാൻ ഹോളന്റെ നിലപാട്.

ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളെയും അമേരിക്ക ഇസ്രയേലിന് നൽകുന്ന സൈനിക സഹായത്തെയും വാൻ ഹോളൻ നേരത്തെ വിമർശിച്ചിട്ടുണ്ട്. മറുവശത്ത് ഇസ്രയേലിന് ശക്തമായ പിന്തുണ നൽകുന്ന ഫെറ്റർമാൻ, ഈ വിഷയത്തിൽ സ്വന്തം പാർട്ടിയിലെ പുരോഗമന വിഭാഗവുമായി പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്.

ഇസ്രയേലിനോടുള്ള പാർട്ടിയുടെ നിലപാട് മാറിയാൽ ഡെമോക്രാറ്റിക് പാർട്ടി വിടുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഫെറ്റർമാൻ നേരത്തെയും സൂചിപ്പിച്ചിരുന്നു. പുതിയ പ്രതികരണത്തോടെ അമേരിക്കൻ രാഷ്ട്രീയത്തിൽ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ ഭിന്നത വീണ്ടും ചർച്ചയായിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!