എഡ്മിന്റൻ: ആൽബർട്ടയിലെ സിഎഫ്ബി വെയ്ൻറൈറ്റ് സൈനിക താവളത്തിലുണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികൻ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ അഞ്ചായി. 3-ാം ബറ്റാലിയൻ പ്രിൻസസ് പട്രീഷ്യാസ് കനേഡിയൻ ലൈറ്റ് ഇൻഫൻട്രിയിലെ (3 PPCLI) സൈനികനായ പ്രൈവറ്റ് വില്യം ഡഗ്ലസ് ഡാൽ ബിയാങ്കോയാണ് മരിച്ചത്. വെള്ളിയാഴ്ച ഒന്റാരിയോയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു മരണം. ഒക്ടോബർ 17-നുണ്ടായ തീപിടിത്തത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
കാനഡ പ്രതിരോധ മന്ത്രാലയമാണ് ശനിയാഴ്ച വാർത്താക്കുറിപ്പിലൂടെ മരണവിവരം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി മാർക്ക് കാർണി, കനേഡിയൻ സായുധ സേനാ മേധാവി ജനറൽ ജെന്നി കാരിഗ്നൻ, ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
രാജ്യത്തെ പ്രതിരോധിക്കുന്നതിനുള്ള പരിശീലനത്തിനിടെയാണ് ഡാൽ ബിയാങ്കോയ്ക്കും മറ്റ് സൈനികർക്കും അപകടമുണ്ടായതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. സ്വന്തം സുരക്ഷയെക്കാൾ കനേഡിയൻ ജനതയുടെ ഭാവിക്ക് മുൻഗണന നൽകിയാണ് സൈനികർ പരിശീലനത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം അനുസ്മരിച്ചു. ദുരന്തത്തിൽ പരുക്കേറ്റവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും രാജ്യത്തിന്റെ പിന്തുണ തുടരുമെന്ന് സൈനിക മേധാവി ജെന്നി കാരിഗ്നൻ വ്യക്തമാക്കി.
കനത്ത കാറ്റാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നാണ് സൈനിക അധികൃതരുടെ വിശദീകരണം. ഒക്ടോബർ 17-ന് ഉച്ചകഴിഞ്ഞ് സൈനിക താവളത്തിൽ നടന്ന ലൈവ് ഫയർ പരിശീലനത്തിനിടെയാണ് തീപിടിത്തമുണ്ടായത്. സ്ഥിരമായി അപകടസാധ്യതയുള്ള മേഖലയിലുണ്ടായിരുന്ന പുല്ലിന് തീപിടിച്ചതിനെത്തുടർന്ന് സൈനിക താവളത്തിലെ അഗ്നിരക്ഷാസേനയ്ക്ക് അവിടേക്ക് പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ പ്രദേശത്ത് വീശിയടിച്ച ശക്തമായ കാറ്റ് തീ അതിവേഗം പടരാൻ കാരണമായി. അന്ന് ആൽബർട്ടയിലെ വിവിധ മേഖലകളിൽ കാനഡ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് കാലാവസ്ഥാ മുന്നറിയിപ്പുകളും നൽകിയിരുന്നു.

ദുരന്തത്തിന്റെ ആദ്യഘട്ടത്തിൽ നാല് സൈനികർ മരിക്കുകയും 39 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 24 സൈനികർ ഇപ്പോഴും രാജ്യത്തിന്റെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.
പരുക്കേറ്റവരിൽ നാല് പേരെ കഴിഞ്ഞ ആഴ്ച ചികിത്സ തുടരുന്നതിനായി ബ്രിട്ടീഷ് കൊളംബിയയിലെയും ഒന്റാരിയോയിലെയും ആരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഇവരിൽ മൂന്ന് പേർ ടൊറന്റോയിലെ സണ്ണിബ്രൂക്ക് ആശുപത്രിയിലെ റോസ് ടില്ലി ബേൺ സെന്ററിലാണ് ചികിത്സയിൽ കഴിയുന്നത്. രണ്ടുപേർക്ക് 24 മണിക്കൂറും പ്രത്യേക പരിചരണം നൽകുന്നുണ്ട്. മൂന്നാമത്തെയാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ ചികിത്സ തേടുന്ന ഔട്ട്പേഷ്യന്റാണ്.
ആൽബർട്ടയിലെ ആശുപത്രികളിൽ 21 സൈനികർ ചികിത്സയിലുണ്ടെന്നാണ് നേരത്തെയുള്ള കണക്ക്. ഇവരിൽ 15 പേർ വെന്റിലേറ്ററിലാണെന്നും ഒമ്പത് പേരുടെ നില ഗുരുതരമാണെന്നും അക്യൂട്ട് കെയർ ആൽബർട്ട വ്യക്തമാക്കിയിരുന്നു.
അഞ്ചാമത്തെ സൈനികന്റെ മരണത്തോടെ കാനഡയുടെ സൈനിക സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയ ദുരന്തത്തിന്റെ ആഘാതം വീണ്ടും വർധിച്ചിരിക്കുകയാണ്. പരുക്കേറ്റ സൈനികരുടെ ചികിത്സ തുടരുന്നതിനൊപ്പം സംഭവത്തെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
