Sunday, November 15, 2026

കനേഡിയൻ നാഷണൽ പൗൾട്രി ഷോയ്ക്ക് പിന്നാലെ പക്ഷിപ്പനി വ്യാപനം; മൂന്ന് പ്രവിശ്യകളിൽ രോഗബാധ

ഓട്ടവ: സസ്കാച്വാനിൽ നടന്ന കനേഡിയൻ നാഷണൽ പൗൾട്രി ഷോയ്ക്ക് പിന്നാലെ മാനിറ്റോബ, ആൽബർട്ട പ്രവിശ്യകളിലേക്കും പക്ഷിപ്പനി വ്യാപിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. പ്രയറി മേഖലയിലെ മൂന്ന് പക്ഷിക്കൂട്ടങ്ങളിൽ തീവ്രവ്യാപന ശേഷിയുള്ള പക്ഷിപ്പനി (HPAI) സ്ഥിരീകരിച്ചതായും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും ഏജൻസി വ്യക്തമാക്കി.

നവംബർ ഏഴിന് സസ്കാച്വാൻ പൗൾട്രി അസോസിയേഷന്റെ നേതൃത്വത്തിൽ മൂസ് ജോയിൽ സംഘടിപ്പിച്ച പ്രദർശനമാണ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണവിധേയമായിരിക്കുന്നത്. പ്രദർശനത്തിൽ പക്ഷികളെ എത്തിച്ചവരും അവിടെനിന്ന് പക്ഷികളെ തിരികെ കൊണ്ടുപോയവരും എത്രയും വേഗം ഏജൻസിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.

പ്രദർശനത്തിൽ പങ്കെടുത്തവരും വീട്ടിൽ മറ്റ് പക്ഷികളെ വളർത്തുന്നവരും അവയിൽ രോഗലക്ഷണങ്ങളുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിക്കണം. അസ്വാഭാവികമായ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും CFIA മുന്നറിയിപ്പ് നൽകി. രോഗവ്യാപനത്തിന്റെ ഉറവിടവും വ്യാപ്തിയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രദർശനത്തിൽ പങ്കെടുത്ത നിരവധി പക്ഷിവളർത്തൽ കർഷകർക്ക് വലിയ നഷ്ടമുണ്ടായതായി സംഘാടകരിലൊരാളായ റോബ് മക്കല്ലോക്ക് പറഞ്ഞു. പത്ത് വർഷത്തോളം പരിശ്രമിച്ച് വളർത്തിയെടുത്ത 40 പക്ഷികളെ രോഗവ്യാപനത്തെത്തുടർന്ന് കൊന്നൊടുക്കേണ്ടിവന്നതായി അദ്ദേഹം വ്യക്തമാക്കി. മറ്റ് ചില കർഷകർക്ക് 500 മുതൽ 700 വരെ പക്ഷികളെ നഷ്ടമായതായും അദ്ദേഹം പറഞ്ഞു.

താൻ സംഘടിപ്പിച്ച പ്രദർശനത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു രോഗവ്യാപനം ഉണ്ടാകുന്നതെന്നും മക്കല്ലോക്ക് കൂട്ടിച്ചേർത്തു. പ്രതിസന്ധി നേരിടുന്ന കർഷകർക്ക് പരസ്പരം പിന്തുണ നൽകുന്നതിനായി സ്വകാര്യ ചാറ്റ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്.

വർഷം മുഴുവൻ കൃത്യമായ ജൈവസുരക്ഷാ മുൻകരുതലുകൾ പാലിക്കേണ്ടത് അനിവാര്യമാണെന്ന് CFIA ഓർമിപ്പിച്ചു. പ്രത്യേകിച്ച് ശരത്കാലത്തും വസന്തകാലത്തും ദേശാടനപ്പക്ഷികളുടെ വരവ് വർധിക്കുന്നതിനാൽ പക്ഷിപ്പനി പടരാനുള്ള സാധ്യത കൂടുതലാണ്.

പക്ഷികളിൽ അമിതമായ തളർച്ച, തീറ്റയെടുക്കാതിരിക്കൽ, ശ്വാസതടസ്സം തുടങ്ങിയവയാണ് പക്ഷിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. രോഗം ബാധിച്ച പക്ഷികൾ ചത്തുപോകാനും സാധ്യതയുണ്ട്. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കണമെന്നും പക്ഷിവളർത്തൽ കേന്ദ്രങ്ങളിൽ ജൈവസുരക്ഷാ നടപടികൾ ശക്തമാക്കണമെന്നും ഏജൻസി നിർദേശിച്ചു.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രയറി പ്രവിശ്യകളിലെ പക്ഷിവളർത്തൽ മേഖലയിൽ ആശങ്ക വർധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ രോഗബാധകൾ സ്ഥിരീകരിക്കപ്പെടുമോയെന്നാണ് അധികൃതരും കർഷകരും ഉറ്റുനോക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!