കൊൽക്കത്ത: പശ്ചിമബംഗാളിൽ വീണ്ടും പൊലീസ് ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രത്തൻ ഷെയ്ഖാണ് ബിർഭും ജില്ലയിലെ ബോൽപുർ–ശാന്തിനികേതൻ മേഖലയിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ അഞ്ചുമാസത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ ഏറ്റുമുട്ടൽ കൊലപാതകമാണിത്.
പൊലീസ് കോൺസ്റ്റബിളിനെ വെടിവെച്ച് പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട രത്തൻ ഷെയ്ഖിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസിന്റെ വിശദീകരണം. വെള്ളിയാഴ്ച വൈകീട്ട് ബിശ്വജിത്ത് ദാസ് എന്ന കോൺസ്റ്റബിളിനു നേരെയാണ് ഇയാൾ വെടിയുതിർത്തത്. ഗുരുതരമായി പരുക്കേറ്റ പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ കേസുകളിൽ നേരത്തെ ജയിലിലായിരുന്ന രത്തൻ ഷെയ്ഖിന് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്.
നവംബർ ഒൻപതിന് ഉത്തർ ദിനാജ്പുർ ജില്ലയിൽ പശ്ചിമബംഗാൾ–ബിഹാർ അതിർത്തിക്ക് സമീപം നടന്ന ഏറ്റുമുട്ടലിൽ ദിലീപ് റോയ് എന്നയാൾ കൊല്ലപ്പെട്ടിരുന്നു. 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഇയാൾ. നവംബർ മൂന്നിന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം രണ്ടുദിവസത്തിനുശേഷം കുലിക് നദിക്കരയിലെ വനപ്രദേശത്തുനിന്നാണ് കണ്ടെത്തിയത്. നാലുദിവസം നീണ്ട തിരച്ചിലിനൊടുവിൽ ദിലീപ് റോയിയെ കണ്ടെത്തിയെന്നും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടെന്നുമാണ് പൊലീസ് അറിയിച്ചത്.
ജൂലൈ എട്ടിനും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രഭാസ് മൊണ്ടാൽ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബരുയ്പൂരിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് നടത്തിയ വെടിവെപ്പിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഒക്ടോബർ 27-ന് നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഗൈഘട്ടയിലും മുർഷിദാബാദ് ജില്ലയിലെ സംഷേർഗഞ്ചിലും ഏറ്റുമുട്ടലുകൾ നടന്നിരുന്നു.
ഗൈഘട്ടയിൽ 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ 23-കാരൻ പ്രഹ്ലാദ് ദാസാണ് കൊല്ലപ്പെട്ടത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ ഇയാൾ പൊലീസുകാരന്റെ സർവീസ് റിവോൾവർ തട്ടിയെടുത്ത് സംഘത്തിനുനേരെ വെടിയുതിർത്തുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്നുള്ള പ്രത്യാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
അതേദിവസം സംഷേർഗഞ്ചിൽ ബിജെപി പ്രവർത്തകൻ സുജിത് മൊണ്ടാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ 46-കാരൻ സാമിയുൽ ഷെയ്ഖും പൊലീസിന്റെ വെടിയേറ്റ് മരിച്ചു. പൊലീസുകാരന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് വെടിവെപ്പുണ്ടായതെന്നാണ് വിശദീകരണം.
സർക്കാരിനെതിരെ വിമർശനം; പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
തുടർച്ചയായ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ പശ്ചിമബംഗാളിൽ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. നവംബർ ഒൻപതിന് ഉത്തർ ദിനാജ്പുരിൽ നടന്ന സംഭവത്തിനുശേഷം സർക്കാരിനെതിരെ വിമർശനങ്ങൾ ശക്തമായിരുന്നു.
എന്നാൽ പൊലീസിന്റെ നടപടികളെ ശക്തമായി ന്യായീകരിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി സുവേന്ദു അധികാരി രംഗത്തെത്തി. പൊലീസിനെ കൊല്ലാൻ ശ്രമിക്കുന്നവർക്കെതിരെ പൊലീസ് തിരിച്ചടിക്കുമ്പോൾ മധുരം വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കാനാകുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
‘ആരെങ്കിലും പൊലീസിനെ കൊല്ലാൻ ശ്രമിച്ചാൽ പൊലീസ് രസഗുള എറിയണമെന്നാണോ? തോക്കുകൾ പോക്കറ്റിൽ സൂക്ഷിക്കുകയാണോ പൊലീസിന്റെ ജോലി? നിയമപ്രകാരമാണ് പൊലീസ് നടപടിയെടുത്തത്. പൊലീസിനുനേരെ ആക്രമണമുണ്ടായി. അവർ ചെയ്യേണ്ടത് ചെയ്തു’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
തുടർച്ചയായ ഏറ്റുമുട്ടൽ മരണങ്ങൾ സംസ്ഥാനത്തെ ക്രമസമാധാന നിലയെയും പൊലീസ് നടപടികളുടെ നിയമസാധുതയെയും കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ്.
