ഓട്ടവ: പുതിയ തൊഴില്‍ കരാറിനായുള്ള ആവശ്യങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കാനഡയിലെ ആയിരക്കണക്കിന് ഫെഡറല്‍ പൊതുമേഖലാ ജീവനക്കാര്‍ സമരവോട്ടെടുപ്പ് (Strike Vote) ആരംഭിച്ചു. പബ്ലിക് സര്‍വീസ് അലയന്‍സ് ഓഫ് കാനഡയുടെ (PSAC) കീഴിലുള്ള പ്രോഗ്രാം ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസ് (PA), ടെക്‌നിക്കല്‍ സര്‍വീസസ് (TC), എജ്യുക്കേഷന്‍ ആന്‍ഡ് ലൈബ്രറി സയന്‍സ് (EB) എന്നീ വിഭാഗങ്ങളിലെ 1,20,000 യൂണിയന്‍ അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. 2027 ജനുവരി 22 വരെയാണ് വോട്ടെടുപ്പ് നടക്കുക.
ന്യായമായ വേതനം, തൊഴില്‍ സുരക്ഷ, റിമോട്ട് വര്‍ക്ക് (വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (AI) നിന്നുള്ള സംരക്ഷണം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടത്താന്‍ ട്രഷറി ബോര്‍ഡ് തയ്യാറാകാത്തതിനാലാണ് സമരവോട്ടെടുപ്പിലേക്ക് നീങ്ങുന്നതെന്ന് പി.എസ്.എ.സി ദേശീയ പ്രസിഡന്റ് ഷാരോണ്‍ ഡിസൂസ വ്യക്തമാക്കി. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് ബജറ്റ് ലാഭമുണ്ടാക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. നിലവിലെ കരാറിന്റെ കാലാവധി 2025 ജൂണില്‍ അവസാനിച്ചിരുന്നു.

അടുത്ത മൂന്ന് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 4.75 ശതമാനം വേതന വര്‍ധനയാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ 2025-ല്‍ രണ്ട് ശതമാനവും, തുടര്‍ന്ന് 2026, 2027, 2028 വര്‍ഷങ്ങളില്‍ 0.5 ശതമാനം വീതവും വര്‍ധന നല്‍കാമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം. ഇതിനുപുറമെ, സാധാരണ ജോലി സമയപരിധി നീട്ടുന്നത് ഉള്‍പ്പെടെയുള്ള തൊഴിലാളി വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നതായും യൂണിയന്‍ ആരോപിക്കുന്നു.
അതേസമയം, മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ യൂണിയന്‍ സമരവോട്ടെടുപ്പുമായി മുന്നോട്ട് പോകുന്നത് നിരാശാജനകമാണെന്ന് ട്രഷറി ബോര്‍ഡ് ഓഫ് കാനഡ സെക്രട്ടേറിയറ്റ് പ്രതികരിച്ചു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും ചര്‍ച്ചകളിലൂടെയാണ് മികച്ച കരാറുകള്‍ ഉണ്ടാകേണ്ടതെന്നും ബോര്‍ഡ് വ്യക്തമാക്കി. 2029-ഓടെ 28,000 തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതിനിടെയാണ് ഈ സമരനീക്കം. 2023 ഏപ്രില്‍-മെയ് മാസങ്ങളിലും സമാനമായ ആവശ്യങ്ങളുന്നയിച്ച് 1.2 ലക്ഷത്തിലധികം ജീവനക്കാര്‍ സമരം നടത്തിയിരുന്നു.
