മസ്കറ്റ്: ഒമാനിലെ മുസന്ദം ഗവർണറേറ്റിൽ ‘താര ഗ്യാസ്’ (Tara Gas) എന്ന ടാങ്കർ കപ്പലിന് തീപിടിച്ചു. അപകടത്തെ തുടർന്ന് കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെ ഒമാൻ അടിയന്തര രക്ഷാസംഘം സുരക്ഷിതമായി ഒഴിപ്പിച്ചു. അതേസമയം, ഒരു ജീവനക്കാരനെ കാണാതായതായി ദേശീയ അടിയന്തര സാഹചര്യ നിവാരണ സമിതി (NCEM) അറിയിച്ചു.
വിവരം ലഭിച്ചയുടൻ മുസന്ദം എമർജൻസി മാനേജ്മെന്റ് സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തകരും ആംബുലൻസ് സംഘവും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് സംഘം പ്രഥമ പരിഗണന നൽകിയത്.

രക്ഷപ്പെടുത്തിയവരിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയതായും അധികൃതർ അറിയിച്ചു. കാണാതായ ജീവനക്കാരനുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. അതോടൊപ്പം കപ്പലിലെ തീ പൂർണമായും നിയന്ത്രണവിധേയമാക്കുന്നതിനുള്ള ശ്രമങ്ങളും അടിയന്തര രക്ഷാസംഘം നടത്തിവരികയാണ്. അപകടത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. രക്ഷാപ്രവർത്തനങ്ങളും തിരച്ചിലും തുടരുകയാണ്.
