ഷെന്‍ഷെന്‍: ആഗോള വെല്ലുവിളികളെ നേരിടാനും ലോകസമാധാനം നിലനിര്‍ത്താനും ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആഹ്വാനം ചെയ്തു. ഷെന്‍ഷെനില്‍ ആരംഭിച്ച ഷി ജിന്‍പിങ് – ഡോണള്‍ഡ് ട്രംപ് – വ്ളാഡിമിര്‍ പുടിന് ത്രിരാഷ്ട്ര ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്ന് രാജ്യങ്ങളും ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും പ്രതികൂല സാഹചര്യങ്ങളില്‍ ഉത്തരവാദിത്തത്തോടെ പെരുമാറി ലോകത്തിന് മാതൃകയാകണമെന്നും ഷി ജിന്‍പിങ് പറഞ്ഞു. വന്‍ശക്തി രാജ്യങ്ങള്‍ ഐക്യത്തോടെ നിന്നാല്‍ ലോകത്ത് സമാധാനവും സ്ഥിരതയും പുലരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആണവ നിരായുധീകരണത്തിന്റെ അനിവാര്യതയെക്കുറിച്ചും ചൈനീസ് പ്രസിഡന്റ് സംസാരിച്ചു. ആണവയുദ്ധം കൊണ്ട് ആര്‍ക്കും വിജയിക്കാന്‍ കഴിയില്ലെന്നും, അത് തടയാനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ആണവ രഹിത ലോകം കെട്ടിപ്പടുക്കുന്നതിനായി ആണവായുധങ്ങള്‍ സമഗ്രമായി നിരോധിക്കുകയും പൂര്‍ണ്ണമായും നശിപ്പിക്കുകയും വേണമെന്നും ഷി ജിന്‍പിങ് ആവശ്യപ്പെട്ടു.
ആണവ നിരായുധീകരണത്തെക്കുറിച്ച് മൂന്ന് രാജ്യങ്ങളും ഗൗരവകരമായ ചര്‍ച്ചകള്‍ നടത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ലോകത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ മൂന്ന് രാജ്യങ്ങള്‍ക്കും വലിയ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ത്രിരാഷ്ട്ര ഉച്ചകോടിയെ ‘ചരിത്രപരം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ലോകത്തെ യുദ്ധങ്ങള്‍ അവസാനിക്കുന്നത് കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
