Thursday, November 19, 2026

കാനഡയിലെ വിവാഹമോചന നിയമഭേദഗതി:നിര്‍ണ്ണായക സുരക്ഷാ വ്യവസ്ഥകള്‍ ഒഴിവാക്കിയതായി വനിതാ സംഘടന

ഓട്ടവ: ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനായി കൊണ്ടുവന്ന സ്വകാര്യ ബില്ലില്‍ നിന്ന് നിര്‍ണ്ണായക വ്യവസ്ഥകള്‍ ഹൗസ് ഓഫ് കോമണ്‍സ് ജസ്റ്റിസ് കമ്മിറ്റി ഒഴിവാക്കിയതായി വനിതാ അവകാശ സംഘടന. എന്നാല്‍, ഈ വിഷയം കൂടുതല്‍ വിശദമായി പഠിക്കാന്‍ നീതിന്യായ മന്ത്രി സമ്മതിച്ചിട്ടുണ്ടെന്ന് ബില്‍ അവതരിപ്പിച്ച എം.പി വ്യക്തമാക്കി.

വിവാഹമോചന നിയമത്തില്‍ (Divorce Act) ഭേദഗതി വരുത്തി ‘പാരന്റല്‍ ഏലിയനേഷന്‍’ (Parental Alienation – കുട്ടികളെ പങ്കാളിയില്‍ നിന്ന് അകറ്റുന്നു എന്ന വാദം) ആരോപണങ്ങള്‍ നിയന്ത്രിക്കുന്നതിനായി ലിബറല്‍ എം.പി ലിസ ഹെപ്ഫ്‌നറാണ് ‘ബില്‍ സി-223’ (Bill C-223) അവതരിപ്പിച്ചത്. ഈ ബില്ലിലെ പാരന്റല്‍ ഏലിയനേഷന്‍ സംബന്ധിച്ച പ്രധാന വ്യവസ്ഥകള്‍ സമിതി ഒഴിവാക്കിയെന്നാണ് നാഷണല്‍ അസോസിയേഷന്‍ ഓഫ് വിമന്‍ ആന്‍ഡ് ദി ലോ (NAWL) ആരോപിക്കുന്നത്.

സംഘടനയുടെ വിമര്‍ശനം

പാരന്റല്‍ ഏലിയനേഷന്‍ എന്ന പേരിലുള്ള ദോഷകരമായ ആരോപണങ്ങളില്‍ നിന്ന് സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കേണ്ട അവസരം സര്‍ക്കാരും സമിതി അംഗങ്ങളും നഷ്ടപ്പെടുത്തിയെന്ന് സംഘടനയുടെ ലീഗല്‍ അഫയേഴ്‌സ് ഡയറക്ടര്‍ സൂസന്‍ സക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗാര്‍ഹിക പീഡനം പുറത്തുപറയുന്ന അമ്മമാരെ പലപ്പോഴും ശിക്ഷിക്കുകയും, മാസങ്ങളോളമോ വര്‍ഷങ്ങളോളമോ സ്വന്തം കുട്ടികളില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. പിതാവിനോടുള്ള കുട്ടിയുടെ ഭയം അമ്മയുടെ പ്രേരണ മൂലമാണെന്ന് വരുത്തിത്തീര്‍ത്ത്, ഗാര്‍ഹിക പീഡന പരാതികളെ സംശയത്തിന്റെ നിഴലിലാക്കാന്‍ കോടതികളില്‍ ഈ വാദം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതിജീവിതരുടെ മൊഴിയെടുക്കാന്‍ പോലും സമിതി തയ്യാറായില്ലെന്നും വ്യവസ്ഥകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് പകരം ഭേദഗതികള്‍ നിര്‍ദ്ദേശിക്കാമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിഷയം കൂടുതല്‍ ആഴത്തില്‍ പഠിക്കാമെന്ന് നീതിന്യായ മന്ത്രി ഷോണ്‍ ഫ്രേസര്‍ വ്യക്തിപരമായി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ലിസ ഹെപ്ഫ്‌നര്‍ എം.പി ബുധനാഴ്ച നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കുടുംബനിയമ സംവിധാനത്തിലെ പിഴവുകളും ഇത്തരം ആശയങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതും പരിശോധിക്കാന്‍ നീതിന്യായ വകുപ്പ് തയ്യാറാണെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ബില്ലില്‍ ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാനായില്ലെങ്കിലും വലിയ ചില നേട്ടങ്ങള്‍ ഇതിലുണ്ടെന്ന് ഹെപ്ഫ്‌നര്‍ വ്യക്തമാക്കി. വിവാഹമോചന കേസുകളിലെ ‘ഫ്രണ്ട്ലി പാരന്റ് റൂള്‍’ (Friendly Parent Rule) ഒഴിവാക്കിയതാണ് ഇതില്‍ പ്രധാനം. മറ്റേ പങ്കാളിയോടൊപ്പം കുട്ടി സുരക്ഷിതനല്ലെന്ന് ഭയമുണ്ടെങ്കില്‍ പോലും, കുട്ടിയും ആ പങ്കാളിയും തമ്മിലുള്ള ബന്ധത്തെ പിന്തുണയ്ക്കാന്‍ അമ്മമാര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമായിരുന്നു ഈ നിയമം മൂലം ഉണ്ടായിരുന്നത്.

‘ഫ്രണ്ട്ലി പാരന്റ് റൂള്‍’ ഒഴിവാക്കുന്നത് വിവാഹമോചന കേസുകളില്‍ കുട്ടികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് സൂസന്‍ സക്കൂറും സമ്മതിച്ചു. പിതാവ് അപകടകാരിയാണെന്ന് പറഞ്ഞാല്‍ ബന്ധത്തെ പിന്തുണയ്ക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുകയും, ബന്ധത്തെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞാല്‍ സുരക്ഷാ ആശങ്കകള്‍ അവിശ്വസനീയമാകുകയും ചെയ്യുന്ന ധര്‍മ്മസങ്കടത്തിലായിരുന്നു അമ്മമാര്‍. ഹൗസ് കമ്മിറ്റിയുടെ ഭേദഗതി നടപടികള്‍ പൂര്‍ത്തിയായെങ്കിലും, നിയമമാകുന്നതിന് മുമ്പ് സെനറ്റ് ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ലമെന്ററി കടമ്പകള്‍ കൂടി ബില്‍ കടക്കേണ്ടതുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!