ഓട്ടവ: തെളിഞ്ഞ ആകാശമാണെങ്കില്‍ അടുത്ത ഏതാനും ആഴ്ചകളില്‍ വൈകുന്നേരങ്ങളില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) തലയ്ക്ക് മുകളിലൂടെ കടന്നുപോകുന്നത് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കും. സെക്കന്‍ഡില്‍ 7.66 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയെ ചുറ്റുന്ന നിലയത്തില്‍, കനേഡിയന്‍ ബഹിരാകാശ സഞ്ചാരി ജോഷ്വ കുട്രിക്കുമുണ്ട്. ‘എക്സ്പെഡിഷന് 75’ (Expedition 75) ദൗത്യത്തിന്റെ ഭാഗമായി നിലയത്തില്‍ കഴിയുന്ന ഏഴ് ബഹിരാകാശ സഞ്ചാരികളില്‍ ഒരാളാണ് ജോഷ്വ കുട്രിക്ക്. ഒക്ടോബര്‍ ഒന്നിന് നിലയത്തിലെത്തിയ അദ്ദേഹം ഹൃദയസംബന്ധമായ ഗവേഷണങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ശാസ്ത്രീയ പരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുകയാണ്.
കാനഡയ്ക്ക് മുകളിലൂടെ ഐ.എസ്.എസ് പതിവായി കടന്നുപോകാറുണ്ടെങ്കിലും, കഴിഞ്ഞ ദിവസങ്ങളില്‍ അതിരാവിലെയായിരുന്നു ഇത് ദൃശ്യമായിരുന്നത്. എന്നാല്‍ വരും ആഴ്ചകളില്‍ വൈകുന്നേരങ്ങളിലെ ആകാശത്തായിരിക്കും ബഹിരാകാശ നിലയം കാണാന്‍ സാധിക്കുക.
ആകാശത്ത് ബഹിരാകാശ നിലയം എങ്ങനെ തിരിച്ചറിയാം?
ആകാശത്ത് കാണുന്ന മറ്റ് ചെറിയ ഉപഗ്രഹങ്ങളെ അപേക്ഷിച്ച്, വളരെ തിളക്കമുള്ള ഒരു വെളുത്ത പൊട്ടുപോലെയാണ് ഐ.എസ്.എസ് സഞ്ചരിക്കുന്നത്. വിമാനങ്ങളിലേതുപോലെ മിന്നുന്ന ലൈറ്റുകള്‍ ഇതിനുണ്ടാകില്ല. പകരം ഒരേ ദിശയിലേക്ക് കൃത്യമായ വേഗതയില്‍ നീങ്ങുന്ന ഒരു പ്രകാശബിന്ദുവായി ഇത് കാണപ്പെടും.

നിലയം കടന്നുപോകുന്ന സമയം അറിയാനുള്ള വഴികള്‍:
ഹെവന്‍സ്-എബൗവ് വെബ്സൈറ്റ് (heavens-above.com):
ഉപഗ്രഹങ്ങളെയും ബഹിരാകാശ പേടകങ്ങളെയും നിരീക്ഷിക്കുന്ന സ്വതന്ത്ര വെബ്സൈറ്റാണിത്. നിങ്ങളുടെ സ്ഥലം രജിസ്റ്റര്‍ ചെയ്താല്‍ ഐ.എസ്.എസ് ദൃശ്യമാകുന്ന സമയങ്ങളുടെ പട്ടിക ഇതില്‍ ലഭിക്കും. തിളക്കത്തിന്റെ (Brightness) അളവ് നെഗറ്റീവ് സംഖ്യയാകുന്നതിനനുസരിച്ച് നിലയത്തിന് തിളക്കം കൂടുതലായിരിക്കും. തീയതിയില്‍ ക്ലിക്ക് ചെയ്താല്‍ നക്ഷത്രരാശികള്ക്കിടയിലൂടെ നിലയം സഞ്ചരിക്കുന്ന പാത വ്യക്തമാക്കുന്ന ആകാശ ഭൂപടവും പ്രാദേശിക സമയവും കാണാം. ഭൂപടത്തില്‍ ചക്രവാളത്തിന് അടുത്തായി ചെറിയ വരയാണെങ്കില്‍ നിലയം കാണാന്‍ പ്രയാസമായിരിക്കും; എന്നാല്‍ നീളമുള്ള വരയാണെങ്കില്‍ തടസ്സങ്ങളില്ലാത്ത തുറസ്സായ സ്ഥലത്തുനിന്ന് വ്യക്തമായി കാണാന്‍ സാധിക്കും.
നാസയുടെ ‘സ്പോട്ട് ദി സ്റ്റേഷന്’ (Spot the Station) ആപ്പ്:
മൊബൈലില്‍ ഈ ആപ്പ് തുറക്കുമ്പോള്‍ തന്നെ നിങ്ങളുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ്, നിലയം കടന്നുപോകാനുള്ള സമയത്തിന്റെ കൗണ്ട്ഡൗണ്‍ കാണിക്കും. ‘Sightings’ ബട്ടണ്‍ വഴി വരും ദിവസങ്ങളിലെ സമയവിവരങ്ങളും അറിയാം. ഫോണ്‍ ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ചാല്‍ നിലയം സഞ്ചരിക്കുന്ന പാത കൃത്യമായി കാണിച്ചുതരുന്ന ‘ഓഗ്മെന്റഡ് റിയാലിറ്റി’ (AR View) സൗകര്യവും ഈ ആപ്പിലുണ്ട്.
വൈകുന്നേരങ്ങളിലെ തെളിഞ്ഞ ആകാശത്ത് ഈ പ്രകാശബിന്ദു സഞ്ചരിക്കുന്നത് കാണുമ്പോള്‍, ഒരുപക്ഷേ നിലയത്തിലിരുന്ന് ജോഷ്വ കുട്രിക്ക് താഴേക്ക് നോക്കുന്നുണ്ടാകാം.
