Friday, November 20, 2026

കാനഡയില്‍ ഇന്ധനവില കുറയുന്നു; ദേശീയ ശരാശരി ലിറ്ററിന് 144.4 സെന്റിലെത്തി

ടൊറന്റോ: മാസങ്ങള്‍ നീണ്ട വര്‍ധനക്ക് ശേഷം കാനഡയില്‍ ഇന്ധന വിലയില്‍ വന്‍ കുറവ് രേഖപ്പെടുത്തി. കനേഡിയന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്റെ (CAA) വെള്ളിയാഴ്ച രാവിലത്തെ കണക്കുകള്‍ പ്രകാരം, രാജ്യത്തെ ശരാശരി ഇന്ധനവില ലിറ്ററിന് 144.4 സെന്റായി താഴ്ന്നു. ഒക്ടോബര്‍ അവസാനമുണ്ടായിരുന്ന 171.3 സെന്റില്‍ നിന്ന് ഏകദേശം 30 സെന്റിന്റെയും, ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ മെയ് മാസത്തിലെ 190.4 സെന്റില്‍ നിന്ന് 46 സെന്റിന്റെയും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആഗോളതലത്തില്‍ എണ്ണവില കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതാണ് ഇന്ധനവില കുറയാന്‍ പ്രധാന കാരണമെന്ന് സി.ഐ.ബി.സി വേള്‍ഡ് മാര്‍ക്കറ്റ്‌സ് മുന്‍ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ജെഫ് റൂബിന്‍ വ്യക്തമാക്കി. ഉയര്‍ന്ന വില കാരണം ആഗോളതലത്തില്‍ എണ്ണ ഉപഭോഗം യുദ്ധത്തിന് മുമ്പുള്ളതിനേക്കാള്‍ പ്രതിദിനം ഏകദേശം 40 ലക്ഷം ബാരല്‍ കുറഞ്ഞതും, വിതരണ ശൃംഖലയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ഫെബ്രുവരിയില്‍ യു.എസ്, ഇറാന്‍, ഇസ്രയേല്‍ എന്നിവര്‍ തമ്മില്‍ ആരംഭിച്ച യുദ്ധം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. റിഫൈനറികള്‍ക്കും എണ്ണപ്പാടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചതോടെ വിതരണക്കാര്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ നിര്‍ബന്ധിതരായി. ഹോര്‍മുസ് കടലിടുക്കിനെ ഒഴിവാക്കി മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ പ്രതിദിനം 50 മുതല്‍ 60 ലക്ഷം ബാരല്‍ വരെ എണ്ണ ആഗോള വിപണിയില്‍ എത്തിക്കാന്‍ മിഡില്‍ ഈസ്റ്റ് ഉല്‍പ്പാദകര്‍ക്ക് സാധിച്ചുവെന്ന് റൂബിന്‍ ചൂണ്ടിക്കാട്ടി. ഇതിനുപുറമെ അമേരിക്ക തങ്ങളുടെ എണ്ണ ഉല്‍പ്പാദനം പ്രതിദിനം ഏകദേശം 1.4 കോടി ബാരലായി വര്‍ദ്ധിപ്പിച്ചതും, റിഫൈനറികള്‍ 96 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുന്നതും വിപണിയില്‍ എണ്ണ ശേഖരം കൂടാന്‍ സഹായിച്ചു.

അതേസമയം, ഊര്‍ജ്ജ വിതരണം സുസ്ഥിരമാക്കാന്‍ വ്യാഴാഴ്ച അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയും വിപണിയെ സ്വാധീനിച്ചേക്കും. ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജ ഇറക്കുമതിക്കാരായ ചൈനയ്ക്കാണ് ഇതിലൂടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാകുകയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതിനിടെ, റഷ്യയിലെ ക്രാസ്‌നോദര്‍ മേഖലയിലുള്ള രണ്ട് എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെ ബുധനാഴ്ച യുക്രെയ്ന്‍ ആക്രമണം നടത്തിയിരുന്നു. പ്രതിവര്‍ഷം ഏകദേശം 9.5 കോടി ബാരല്‍ എണ്ണ ശുദ്ധീകരിക്കുന്ന ഈ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും വരും ദിവസങ്ങളില്‍ ആഗോള എണ്ണ വിപണിയില്‍ നിര്‍ണ്ണായകമായേക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!