Friday, November 20, 2026

APEC ലീഡേഴ്‌സ് ഉച്ചകോടി: പുതിയ വ്യാപാര – പ്രതിരോധ പങ്കാളികളെ തേടി കാനഡ – ജപ്പാന്‍

ടോക്കിയോ: ട്രംപ്-ഷി-പുടിന്‍ ഉച്ചകോടിക്ക് പിന്നാലെ പുതിയ വ്യാപാര-പ്രതിരോധ പങ്കാളികളെ തേടി കാനഡയും ജപ്പാനും. വ്യാഴാഴ്ച ഷെന്‍ഷെനില്‍ നടന്ന അപെക് (APEC) ഉച്ചകോടിക്കിടെ ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ എന്നിവര്‍ നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ച ആഗോളതലത്തില്‍ ശ്രദ്ധ നേടിയതോടെ, ഇടത്തരം ശക്തികളുടെ (Middle Powers) നയതന്ത്ര നീക്കങ്ങള്‍ കൂടുതല്‍ പ്രസക്തമായിരിക്കുകയാണ്. 1945-ലെ യാള്‍ട്ട സമ്മേളനത്തേക്കാള്‍ വലുതാണ് ഈ കൂടിക്കാഴ്ചയെന്ന് ട്രംപ് വിശേഷിപ്പിച്ചപ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ മൂന്ന് ആണവശക്തികളുടെ നേതാക്കള്‍ ആദ്യമായി ഒരുമിച്ചിരിക്കുന്നത് വലിയ പ്രതീകാത്മക പ്രാധാന്യമുള്ളതാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

വാഷിങടണിന്റെ താരിഫ് ഭീഷണികളെയും ബീജിംഗിന്റെ വ്യാപാര നിയന്ത്രണങ്ങളെയും മറികടക്കാന്‍ ബദല്‍ വിപണികളും വിതരണക്കാരെയും കണ്ടെത്താനാണ് കാനഡയും ജപ്പാനും ശ്രമിക്കുന്നത്. ഫിലിപ്പീന്‍സുമായി കാര്‍ണി സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയും ആസിയാന്‍ (ASEAN) രാജ്യങ്ങളുമായി സാമ്പത്തിക കരാറിലേക്ക് അടുക്കുകയും ചെയ്തു. ഷെന്‍ഷെനില്‍ ഷി ജിന്‍പിങ്ങുമായി നടത്തിയ ചര്‍ച്ചയില്‍, 2028 വരെ താരിഫ് ഇളവുകള്‍ നീട്ടാനും കാനഡയില്‍ നിന്നുള്ള പന്നിയിറച്ചി, ചെമ്മീന്‍ തുടങ്ങിയ 400 മില്യണ്‍ കനേഡിയന്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയില്‍ നികുതി ഇളവ് നേടിയെടുക്കാനും കാര്‍ണിക്ക് സാധിച്ചു. പകരമായി ചൈനീസ് ഉരുക്ക്, അലുമിനിയം ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ കാനഡ കുറച്ചു. കൂടാതെ യൂറോപ്യന്‍ യൂണിയനുമായി ഊര്‍ജ്ജ-സാങ്കേതിക പങ്കാളിത്തത്തിനും കാനഡ തുടക്കമിട്ടിട്ടുണ്ട്.

മറുവശത്ത്, ചൈനയുമായുള്ള ബന്ധം വഷളായി നില്‍ക്കുന്നതിനാല്‍ ബീജിംഗുമായി കരാറുകളിലേര്‍പ്പെടാന്‍ ജപ്പാന് സാധിക്കില്ല. പകരം മനിലയില്‍ വെച്ച് നിര്‍ണ്ണായക ധാതുക്കളുടെ (Critical Minerals) വിതരണത്തിനായി പുതിയ പങ്കാളികളെ തേടിയ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി, ആസിയാന്‍ രാജ്യങ്ങളുമായി സാമ്പത്തിക സഹകരണത്തിനുള്ള സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചു. വിതരണ ശൃംഖലയിലും ഊര്‍ജ്ജ മേഖലയിലും ദക്ഷിണ കൊറിയയുമായി സഹകരണം ശക്തമാക്കാനും ജപ്പാന്‍ തീരുമാനിച്ചു. ഇതിനുപുറമെ ബ്രിട്ടന്‍, ഇറ്റലി എന്നിവരുമായി ചേര്‍ന്ന് നൂതന യുദ്ധവിമാനം നിര്‍മ്മിക്കാനും ഫ്രാന്‍സില്‍ നിന്ന് അപൂര്‍വ്വ ധാതുക്കള്‍ ഉറപ്പാക്കാനും ജപ്പാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ചൈന, റഷ്യ, ഉത്തരകൊറിയ എന്നീ ആണവായുധ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ അമേരിക്കന്‍ സൈനിക ശക്തിയെ ആശ്രയിക്കുന്ന ജപ്പാന്, ട്രംപ് ഷി ജിന്‍പിങ്ങുമായി അടുക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. അപെക് ഉച്ചകോടിയില്‍ ട്രംപിന് ലഭിച്ച വന്‍ വരവേല്‍പ്പിന് വിരുദ്ധമായി തകായിച്ചിക്ക് തണുപ്പന്‍ സ്വീകരണമാണ് ചൈനയില്‍ ലഭിച്ചത്. സ്വന്തം കരുത്തില്‍ ഒരു ഇടത്തരം ശക്തിയായി നിലനില്‍ക്കുക എന്നതല്ലാതെ ജപ്പാന് മുന്നില്‍ മറ്റ് വഴികളില്ലെന്ന് മുതിര്‍ന്ന ജാപ്പനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചൈനയുടെ ഈ സമീപനം മറ്റ് രാജ്യങ്ങള്‍ക്കും മുന്നറിയിപ്പാണെന്നും, അമേരിക്കന്‍ സ്വാധീനത്തിന് പകരമാകില്ലെങ്കിലും ഇടത്തരം ശക്തികള്‍ തമ്മിലുള്ള സഹകരണം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നും നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!