Sunday, November 22, 2026

യൂറോപ്യൻ യൂണിയനിലേക്ക് മടങ്ങാൻ ബ്രിട്ടൻ? ഉപാധികളുമായി ടോണി ബ്ലെയർ

ലണ്ടൻ: ബ്രിട്ടൻ വീണ്ടും യൂറോപ്യൻ യൂണിയനിൽ ചേരണമെങ്കിൽ സുപ്രധാന പരിഷ്‌കാരങ്ങൾ വേണമെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ. സാങ്കേതികവിദ്യയിലും നവീകരണത്തിലും യൂറോപ്യൻ യൂണിയൻ കൂടുതൽ മുന്നേറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രെക്‌സിറ്റ് വലിയ തെറ്റായിരുന്നുവെന്ന നിലപാട് ആവർത്തിച്ച ബ്ലെയർ, എന്നാൽ ഉപാധികളില്ലാതെ യൂറോപ്യൻ യൂണിയനിലേക്ക് മടങ്ങണമെന്നല്ല തന്റെ അഭിപ്രായമെന്നും വ്യക്തമാക്കി.

യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ പുറത്തുപോയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് ബ്ലെയർ നേരത്തെയും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ 2016ലെ ഹിതപരിശോധനയ്ക്ക് ശേഷമുള്ള സാഹചര്യം ഏറെ മാറിയിട്ടുണ്ട്. സാങ്കേതിക നവീകരണത്തിന്റെ കാര്യത്തിൽ യൂറോപ്പ് തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നതെങ്കിൽ ബ്രിട്ടൻ വീണ്ടും യൂണിയനിൽ ചേരുന്നത് ഗുണകരമാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

യൂറോപ്യൻ യൂണിയനിൽ ആവശ്യമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ ബ്രിട്ടൻ ശ്രമിക്കണം. ചർച്ചകളിലൂടെ ആവശ്യമായ മാറ്റങ്ങൾ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ അതിൽനിന്ന് പിന്മാറാനും തയ്യാറാകണം. യൂറോപ്യൻ യൂണിയനുമായുള്ള ബന്ധത്തെ മാത്രം ആശ്രയിക്കാതെ സ്വന്തം സമ്പദ്‌വ്യവസ്ഥയും സാങ്കേതിക മേഖലയുമെല്ലാം ശക്തിപ്പെടുത്തണമെന്നും ബ്ലെയർ പറഞ്ഞു.

അതേസമയം, ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഭക്ഷ്യ കയറ്റുമതി, കാർബൺ പുറന്തള്ളലുമായി ബന്ധപ്പെട്ട വ്യാപാരം, യുവജനങ്ങൾക്കായുള്ള അവസരങ്ങൾ എന്നിവ ഉൾപ്പെടുന്ന പുതിയ കരാറിൽ ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരിക്കാനുള്ള ഡിജിറ്റൽ പങ്കാളിത്തവും പ്രഖ്യാപിച്ചിട്ടുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ തീയ്ക്ക് സമാനമായ സാങ്കേതികവിദ്യയായാണ് ബ്ലെയർ വിശേഷിപ്പിച്ചത്. തീ ഭക്ഷണം പാകം ചെയ്യാനും വീടിന് തീയിടാനും ഉപയോഗിക്കാം. അതുപോലെ എഐ നല്ല കാര്യങ്ങൾക്കും ദോഷകരമായ കാര്യങ്ങൾക്കും ഉപയോഗിക്കാനാകുമെന്നും ഇതിന്റെ അപകടസാധ്യതകൾ വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2016 ജൂൺ 23ന് നടന്ന ഹിതപരിശോധനയിൽ ഭൂരിപക്ഷം ബ്രിട്ടീഷ് വോട്ടർമാരും യൂറോപ്യൻ യൂണിയൻ വിടുന്നതിനെ അനുകൂലിച്ചതോടെയാണ് ബ്രെക്‌സിറ്റിന് വഴിയൊരുങ്ങിയത്. 2020 ജനുവരി 31നാണ് ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂണിയൻ വിട്ടത്. ബ്രെക്‌സിറ്റിന് ശേഷമുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളും വ്യാപാര തടസ്സങ്ങളും വീണ്ടും യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!