സെന്റ് ജോൺസ്: ന്യൂഫിൻലൻഡിൽ സ്വർണഖനിയെ ചുറ്റിപ്പറ്റി രൂപപ്പെട്ടത് ഒരു കൊച്ചുപട്ടണം. ഔദ്യോഗിക പേരോ നഗരപദവിയോ ഇല്ലെങ്കിലും ആയിരക്കണക്കിന് തൊഴിലാളികൾ താമസിച്ചും ജോലി ചെയ്തും കഴിയുന്ന വാലന്റൈൻ ഗോൾഡ് മൈൻ മേഖലയാണ് പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ പ്രധാന ശക്തിയായി മാറുന്നത്.
ബുക്കാൻസിന് സമീപമുള്ള ഈ സ്വർണഖനി അറ്റ്ലാന്റിക് കാനഡയിലെ ഏറ്റവും വലിയ ഖനിയാണ്. ഒരേസമയം ഏകദേശം ആയിരത്തോളം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. രണ്ടാഴ്ച ജോലി, രണ്ടാഴ്ച വിശ്രമം എന്ന രീതിയിലുള്ള ഷിഫ്റ്റ് സംവിധാനമാണ് നിലവിലുള്ളത്.
ഖനിയുടെ വികസനത്തിനായി 436 മില്യൺ ഡോളറിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്. രണ്ടാംഘട്ട നിർമാണം അടുത്ത വർഷം ആരംഭിക്കും. ഇതോടെ സ്വർണ ഉൽപ്പാദനം ഏകദേശം 25 ശതമാനം വർധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഖനിയിൽ നിന്ന് ലഭിക്കുന്ന പാറകൾ പൊടിച്ച് സംസ്കരിച്ചാണ് സ്വർണം വേർതിരിച്ചെടുക്കുന്നത്. തുടർന്ന് 85 മുതൽ 88 ശതമാനം വരെ പരിശുദ്ധിയുള്ള സ്വർണക്കട്ടികളാക്കി മാറ്റുന്നു. പിന്നീട് കൂടുതൽ ശുദ്ധീകരണത്തിനായി ഇവ മറ്റ് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.
ഖനിയിലെ ജീവനക്കാരിൽ 94 ശതമാനവും ന്യൂഫിൻലൻഡ് സ്വദേശികളാണ്. ഖനന മേഖലയിലെ വിവിധ സാങ്കേതിക ജോലികൾക്കായി പ്രത്യേക പരിശീലനവും കമ്പനി നൽകുന്നുണ്ട്.
തൊഴിലവസരങ്ങൾക്ക് പുറമെ പ്രാദേശിക കരാറുകാർക്കും വിതരണക്കാർക്കും ഖനി വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുണ്ട്. കൂടുതൽ വികസനത്തിലൂടെ മേഖലയുടെ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
