ടൊറന്റോ: നയാഗ്ര-ഓണ്‍-ദി-ലേക്കിനും ടൊറന്റോയിലെ ബില്ലി ബിഷപ്പ് വിമാനത്താവളത്തിനും ഇടയില്‍ അടുത്തിടെ ആരംഭിച്ച പുതിയ വിമാന സര്‍വീസ് യാത്രക്കാരുടെ വന്‍ ഡിമാന്‍ഡിനെ തുടര്‍ന്ന് ആഴ്ചയില്‍ അഞ്ച് ദിവസമാക്കി വിപുലീകരിച്ചു. നവംബര്‍ രണ്ടിന് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമായി ‘ആസ്പന്‍ എയര്‍ ചാര്‍ട്ടേഴ്സ്’ (Aspen Air Charters) ആരംഭിച്ച സര്‍വീസാണ് ഇപ്പോള്‍ ചൊവ്വ, വ്യാഴം ദിവസങ്ങളിലേക്കും കൂടി വ്യാപിപ്പിച്ചിരിക്കുന്നത്.
യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്രാ സമയം നല്‍കുന്നതിനാണ് പ്രവൃത്തി ദിവസങ്ങളിലെല്ലാം സര്‍വീസ് നടത്താന്‍ തീരുമാനിച്ചതെന്ന് ആസ്പന്‍ എയര്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജോഷ് ഹൂപ്പര്‍ വ്യക്തമാക്കി. രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് സര്‍വീസുകളാണ് ഉള്ളത്. കിച്ചണറില്‍ നിന്ന് പുറപ്പെട്ട് നയാഗ്ര വഴി ടൊറന്റോയിലേക്കും തിരിച്ചുമുള്ള രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. വെറും 11 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ യാത്രയ്ക്ക് 126 ഡോളറാണ് വണ്‍-വേ നിരക്ക്.

യാത്രക്കാര്‍ക്ക് ഏറെ ലളിതമായ നടപടിക്രമങ്ങളാണ് ഈ വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്. നയാഗ്ര വിമാനത്താവളത്തില്‍ സൗജന്യ പാര്‍ക്കിംഗ് സൗകര്യമുണ്ടാകും. കൂടാതെ നീണ്ട സുരക്ഷാ പരിശോധനകള്‍ (Security screening) ഒഴിവാക്കി, ബോര്‍ഡിംഗ് പാസും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും ഉപയോഗിച്ച് നേരിട്ട് വിമാനത്തില്‍ കയറാന്‍ സാധിക്കും. ആറ് പേര്‍ക്ക് ഇരിക്കാവുന്ന അഞ്ച് ‘പൈപ്പര്‍ നവാഹോ’ (Piper Navajos) വിമാനങ്ങളാണ് കമ്പനി ഇതിനായി ഉപയോഗിക്കുന്നത്.
റോഡ് മാര്‍ഗ്ഗം രണ്ടോ മൂന്നോ മണിക്കൂര്‍ എടുക്കുന്ന യാത്ര വെറും 11 മിനിറ്റായി ചുരുങ്ങുന്നത് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണെന്ന് നയാഗ്ര ഡിസ്ട്രിക്ട് എയര്‍പോര്‍ട്ട് സിഇഒ ഡാന്‍ പിലോണ്‍ പറഞ്ഞു. കോവിഡിന് മുന്‍പ് സമാനമായ രീതിയില്‍ മറ്റൊരു കമ്പനി സര്‍വീസ് നടത്തിയിരുന്നപ്പോള്‍ പ്രതിവര്‍ഷം ആറായിരത്തോളം പേര് ഇത് ഉപയോഗിച്ചിരുന്നു. ഗ്രേറ്റര്‍ ടൊറന്റോ മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ യാത്രക്കാര്‍ ഇത്തരം ചെറുദൂര വിമാന സര്‍വീസുകളെ ആശ്രയിക്കാന്‍ തയ്യാറാകുന്നതിന്റെ തെളിവാണിതെന്ന് ടൊറന്റോ സര്‍വ്വകലാശാലയിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മാറ്റി സീമിയാറ്റിക്കിയും അഭിപ്രായപ്പെട്ടു.
