സറേ: കുപ്രസിദ്ധ ഗുണ്ടാസംഘമായ ലോറന്‍സ് ബിഷ്ണോയി സംഘത്തിനെതിരെ കാനഡ നടപടി ശക്തമാക്കുന്നു. 2025 ഒക്ടോബറില്‍ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലുള്ള പ്രമുഖ വ്യവസായിയുടെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഓട്ടോബോഡി എന്ന സ്ഥാപനത്തിനും അദ്ദേഹത്തിന്റെ വീടിനും നേരെ വെടിയുതിര്‍ത്ത കേസിലെ മൂന്ന് പ്രതികളെയാണ് കാനഡ ഇന്ത്യയിലേക്ക് നാടുകടത്തിയത്. കേസിലെ നാലാമത്തെ പ്രതിയായ ആകാശ്ദീപ് സിംഗിനായി രാജ്യവ്യാപകമായി തിരച്ചില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
വാട്സ്ആപ്പ് വഴിയും ഫോണ്‍ കോളുകളിലൂടെയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു അക്രമിസംഘം സ്ഥാപനത്തിന് നേരെയും ഉടമയുടെ വീടിന് നേരെയും വെടിയുതിര്‍ത്തത്. സംഭവത്തില്‍ പിടിയിലായ സംഘത്തിന്റെ ഡ്രൈവര്‍ പല്‍വീന്ദര്‍ സിംഗിനെ കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി (CBSA) അടുത്തിടെയാണ് നാടുകടത്തിയത്. 2024 ജനുവരിയില്‍ ആല്‍ബര്‍ട്ടയിലെ പോര്‍ട്ടേജ് കോളേജില്‍ സ്റ്റഡി പെര്‍മിറ്റില്‍ കാനഡയിലെത്തിയ ഇയാള്‍, മാസങ്ങള്‍ക്കുള്ളില്‍ പഠനം ഉപേക്ഷിച്ച് ഗുണ്ടാസംഘത്തിനൊപ്പം ചേരുകയായിരുന്നു.

വെടിവെപ്പ് നടന്ന രാത്രിയില്‍ കഞ്ചാവും മദ്യവും ഉപയോഗിച്ച് ലഹരിയിലായിരുന്നതിനാല്‍ ഒന്നും ഓര്‍മ്മയില്ലെന്നാണ് പല്‍വീന്ദര്‍ ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി ബോര്‍ഡിന് മുന്നില്‍ ആദ്യം മൊഴി നല്‍കിയത്. ഒടുവില്‍ കുറ്റം സമ്മതിച്ച ഇയാള്‍ തന്റെ ചിത്രങ്ങളോ വിവരങ്ങളോ പുറത്തുവിടരുതെന്ന് അപേക്ഷിച്ചെങ്കിലും, നാടുകടത്തല്‍ അറിയിപ്പിനൊപ്പം സി.ബി.എസ്.എ ഇയാളുടെ ചിത്രവും പരസ്യപ്പെടുത്തി. കേസിലെ മറ്റ് പ്രതികളായ അര്‍ഷ്ദീപ് സിംഗ്, മനവ്ദീപ് സിംഗ് എന്നിവരെ നേരത്തെ തന്നെ നാടുകടത്തിയിരുന്നു.
അക്രമിസംഘം സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുന്ന അത്യാധുനിക ക്യാമറകളും സിസിടിവി ദൃശ്യങ്ങളും, പ്രതികളുടെ ഫോണില്‍ നിന്ന് ലഭിച്ച വെടിവെപ്പിന്റെ വീഡിയോയുമാണ് പോലീസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. സ്റ്റഡി വീസയിലും വര്‍ക്ക് പെര്‍മിറ്റിലും കാനഡയിലെത്തുന്ന ഇന്ത്യന്‍ യുവാക്കളെ സോഷ്യല്‍ മീഡിയ വഴി ആകര്‍ഷിച്ചാണ് ബിഷ്ണോയി സംഘം സറേ, എഡ്മിന്റണ്‍, കാല്‍ഗറി, ബ്രാംപ്ടണ്‍ തുടങ്ങിയ നഗരങ്ങളില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നത്.
