ടൊറന്റോ: വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ (extortion) ശ്രമിക്കുകയും വ്യാപാര സ്ഥാപനത്തിന് തീയിടുകയും ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജനായ 29-കാരന്‍ അറസ്റ്റില്‍. പഞ്ചാബ് സ്വദേശിയും ബ്രാംപ്ടണ്‍ നിവാസിയുമായ ജസ്ജീത് സിങിനെയാണ് പീല്‍ റീജണല്‍ പോലീസിന്റെ മേജര്‍ ക്രൈംസ് യൂണിറ്റ് (MCU) അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ മാസം മുതല്‍ പരാതിക്കാരനില്‍ നിന്ന് പ്രതി തുടര്‍ച്ചയായി പണം ആവശ്യപ്പെട്ടിരുന്നതായും, പണം നല്‍കിയില്ലെങ്കില്‍ കുടുംബത്തെയും വീടിനെയും വ്യാപാര സ്ഥാപനത്തെയും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് അറിയിച്ചു. തുടര്‍ന്ന് സെപ്റ്റംബര്‍ 5-ന് പുലര്‍ച്ചെ 4:45-ഓടെ പ്രതി വ്യാപാര സ്ഥാപനത്തിന്റെ ഗാരേജ് വാതിലിന് സമീപം പെട്രോള്‍ പോലുള്ള ഇന്ധനം ഒഴിച്ച് തീയിടുകയായിരുന്നു.

തീപിടിത്തത്തില്‍ സ്ഥാപനത്തിനും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കുമായി ഏകദേശം ഒരു ലക്ഷം ഡോളറിന്റെ (ഏകദേശം 84 ലക്ഷം രൂപ) നാശനഷ്ടമുണ്ടായി.ഒക്ടോബര്‍ 9-ന് അറസ്റ്റിലായ ജസ്ജീത് സിംഗിനെതിരെ കൊള്ളയടിക്കല്‍ ശ്രമത്തിന് (extortion) കേസെടുക്കുകയും ബ്രാംപ്ടണിലെ ഒന്റാരിയോ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
