മസ്‌കറ്റ്: ആഗോള വ്യാപാരവും സമുദ്ര സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സഹകരണം ശക്തമാക്കാൻ ഒമാനും ജപ്പാനും. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ടോക്കിയോയിൽ ഉന്നതതല കൂടിക്കാഴ്ച നടത്തി.
ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽബുസൈദിയും ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗിയും തമ്മിലാണ് ചർച്ച നടന്നത്. അന്താരാഷ്ട്ര കപ്പൽ പാതകളുടെ സുരക്ഷ ഉറപ്പാക്കുക, ആഗോള വ്യാപാരവും ഊർജ വിതരണവും തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുക തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയായി.
പശ്ചിമേഷ്യയിലെയും കിഴക്കൻ ഏഷ്യയിലെയും പുതിയ രാഷ്ട്രീയ, സുരക്ഷാ സാഹചര്യങ്ങളും അവയുടെ പ്രത്യാഘാതങ്ങളും ഇരുവരും വിലയിരുത്തി. പ്രാദേശിക വെല്ലുവിളികൾ പരിഹരിക്കുന്നതിനും സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനും നയതന്ത്ര ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഇരുരാജ്യങ്ങളും അഭിപ്രായപ്പെട്ടു.

നയതന്ത്ര ഏകോപനം കൂടുതൽ ശക്തമാക്കാനും രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളിലെ സഹകരണം വിപുലീകരിക്കാനും വിവിധ മേഖലകളിലെ വൈദഗ്ധ്യവും അനുഭവസമ്പത്തും പരസ്പരം പങ്കുവെക്കാനും കൂടിക്കാഴ്ചയിൽ ധാരണയായി.
ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽബുസൈദിയുടെ ടോക്കിയോ സന്ദർശനത്തിന്റെ ഭാഗമായാണ് നിർണായകമായ ഉന്നതതല കൂടിക്കാഴ്ച നടന്നത്.
