Friday, November 27, 2026

വിമാനത്താവളങ്ങളിലെ ലഗേജ് ടാഗ് തട്ടിപ്പ്: സുരക്ഷാ സംവിധാനം ശക്തമാക്കാൻ കാനഡ

ടൊറന്റോ: വിമാനയാത്രക്കാരുടെ ലഗേജ് ടാഗുകൾ മാറ്റി മയക്കുമരുന്ന് കടത്തുന്നതിനും നിരപരാധികളെ കേസിൽ കുടുക്കുന്നതുൾപ്പെടെയുള്ള തട്ടിപ്പ് തടയാൻ പുതിയ സാങ്കേതികവിദ്യ തേടി കാനഡയിലെ വിമാനത്താവളങ്ങൾ. മൺട്രിയോൾ ആസ്ഥാനമായുള്ള ടാംപർഗാർഡ് (TamperGuard) കമ്പനി വികസിപ്പിച്ച പ്രത്യേക സുരക്ഷാ ടാഗുകൾക്കായി ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളവും എയർ ട്രാൻസാറ്റും താൽപര്യം പ്രകടിപ്പിച്ചു.

അഴിമതിക്കാരായ വിമാനത്താവള ജീവനക്കാർ യാത്രക്കാരുടെ ബാഗുകളിൽ നിന്ന് ലഗേജ് ടാഗുകൾ ഇളക്കിമാറ്റി മയക്കുമരുന്ന് അടങ്ങിയ ബാഗുകളിൽ ഒട്ടിച്ച് കടത്തുന്ന രീതിയെക്കുറിച്ച് കനേഡിയൻ അന്വേഷണ പരിപാടിയായ ‘ഡബ്ല്യു5’ പുറത്തുവിട്ട ഡോക്യുമെന്ററിക്ക് പിന്നാലെയാണ് പുതിയ നീക്കം.

സാധാരണ ലഗേജ് ടാഗുകൾ ഇളക്കിമാറ്റി വീണ്ടും ഒട്ടിക്കാൻ കഴിയുമെങ്കിലും ടാംപർഗാർഡ് വികസിപ്പിച്ച പ്രത്യേക സുരക്ഷാ ടാഗുകൾക്ക് ഈ പരിമിതിയില്ല. പ്രത്യേക പശ ഉപയോഗിച്ച് നിർമിച്ച ടാഗ് ഒരിക്കൽ ഇളക്കിയാൽ അതിൽ ‘VOID’ എന്ന സന്ദേശം തെളിയും. ഇതോടെ ടാഗ് വീണ്ടും ഉപയോഗിക്കാൻ കഴിയില്ല. ടാഗിൽ കൃത്രിമം നടന്നതായി തിരിച്ചറിയാനും ഇതിലൂടെ സാധിക്കും.

പത്ത് വർഷം മുമ്പ് വികസിപ്പിച്ച സാങ്കേതികവിദ്യയ്ക്ക് തുടക്കത്തിൽ കാര്യമായ ആവശ്യക്കാരുണ്ടായിരുന്നില്ല. എന്നാൽ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതോടെ കമ്പനിക്ക് ഏകദേശം 50 അന്വേഷണ ഇമെയിലുകൾ ലഭിച്ചതായി പ്രസിഡന്റ് ബിൽ ഡ്രോറി പറഞ്ഞു. ആൽബർട്ടയിലെ ഫോർട്ട് മക്മറി അന്താരാഷ്ട്ര വിമാനത്താവളവും താൽപര്യം അറിയിച്ചവരിൽ ഉൾപ്പെടുന്നു.

നിലവിലുള്ള ലഗേജ് ടാഗുകൾക്ക് മുകളിൽ ഒട്ടിക്കാവുന്ന പ്രത്യേക സുരക്ഷാ സ്റ്റിക്കറും കമ്പനി വികസിപ്പിക്കുന്നുണ്ട്. ടാഗ് ഇളക്കിമാറ്റാൻ ശ്രമിച്ചാൽ കൃത്രിമം നടന്നതായി വ്യക്തമാക്കുന്ന സന്ദേശം ഇതിൽ തെളിയും. 12 സ്റ്റിക്കറുകൾ അടങ്ങിയ പാക്കറ്റിന് 25 ഡോളറായിരിക്കും വില.

അതേസമയം, ലഗേജ് ടാഗുകളുടെ രൂപകൽപ്പനയിൽ മാറ്റം വരുത്തുമ്പോൾ അന്താരാഷ്ട്ര വ്യോമഗതാഗത സംഘടനയായ ഐ.എ.ടി.എയുടെ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് കനേഡിയൻ എയർപോർട്ട്സ് കൗൺസിൽ പ്രസിഡന്റ് മോണറ്റ് പാഷർ വ്യക്തമാക്കി. എന്നാൽ ഏത് വിതരണക്കാരിൽ നിന്ന് ടാഗുകൾ വാങ്ങണമെന്ന് തീരുമാനിക്കാനുള്ള അധികാരം വിമാനത്താവളങ്ങൾക്കും വിമാനക്കമ്പനികൾക്കുമുണ്ടെന്ന് ഐ.എ.ടി.എ അറിയിച്ചു.

പുതിയ സാങ്കേതികവിദ്യയ്ക്ക് ചില പരിമിതികളുമുണ്ട്. നിലവിലുള്ള ടാഗ് ഇളക്കിമാറ്റുന്നത് തിരിച്ചറിയാൻ കഴിയുമെങ്കിലും യാത്രക്കാരന്റെ പേരിൽ പുതിയൊരു ടാഗ് പ്രിന്റ് ചെയ്ത് മയക്കുമരുന്ന് അടങ്ങിയ ബാഗിൽ ഒട്ടിക്കുന്ന രീതി തടയാൻ ഇതിന് കഴിയില്ലെന്ന് നിയമപാലകർ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം തട്ടിപ്പുകളിൽ മയക്കുമരുന്ന് അടങ്ങിയ ബാഗ് ലക്ഷ്യസ്ഥാനത്ത് പിടിക്കപ്പെട്ടാൽ നിരപരാധിയായ യാത്രക്കാരൻ നിയമനടപടികളിൽ കുടുങ്ങാൻ സാധ്യതയുണ്ട്. ബാഗ് പിടിക്കപ്പെടാതെ കടന്നുപോയാൽ മയക്കുമരുന്ന് കടത്ത് സംഘാംഗങ്ങൾ അത് കൈക്കലാക്കുകയും ചെയ്യും.

സംഭവം വിവാദമായതോടെ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകൾ ശക്തമാക്കുമെന്ന് ഫെഡറൽ ഗതാഗത മന്ത്രി സ്റ്റീവൻ മക്കിന്നൻ പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ക്രിമിനൽ പശ്ചാത്തലമുള്ള ഏകദേശം 7,000 ജീവനക്കാർക്ക് ട്രാൻസ്‌പോർട്ട് കാനഡ സുരക്ഷാ പാസുകൾ അനുവദിച്ചതായി ഡബ്ല്യു5 നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

എന്നാൽ വിമാനത്താവളങ്ങളിലെ റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിന് ക്രിമിനൽ പശ്ചാത്തലം മാത്രം തടസ്സമാകരുതെന്നും സുരക്ഷാ ഭീഷണികൾ വിലയിരുത്തിയ ശേഷമാണ് പാസുകൾ അനുവദിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!