Saturday, November 28, 2026

കെബെക്ക് മതചിഹ്ന നിരോധന നിയമത്തിനെതിരെ മാനിറ്റോബ പ്രീമിയർ

ഓട്ടവ: കെബെക്കിലെ വിവാദ മതചിഹ്ന നിരോധന നിയമമായ ബിൽ 21 ശരിവെച്ച കനേഡിയൻ സുപ്രീംകോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ. നിയമം മുസ്ലിംകളെയും സിഖുകാരെയും മറ്റ് മതന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് രൂപപ്പെടുത്തിയതാണെന്നും ഇത് “നിയമനിർമാണത്തിലൂടെയുള്ള വംശീയത”യാണെന്നും അദ്ദേഹം ആരോപിച്ചു.

അധ്യാപകർ, പൊലീസ് ഉദ്യോഗസ്ഥർ, ജഡ്ജിമാർ തുടങ്ങിയ അധികാരസ്ഥാനങ്ങളിലുള്ള പൊതുമേഖലാ ജീവനക്കാർ ജോലിസമയത്ത് മതചിഹ്നങ്ങൾ ധരിക്കുന്നത് വിലക്കുന്ന നിയമമാണ് ബിൽ 21. 2019-ൽ കെബെക്ക് നിയമസഭ പാസാക്കിയ നിയമം, ഭരണഘടനയിലെ ചില മൗലികാവകാശ സംരക്ഷണങ്ങളെ മറികടക്കാൻ അനുവദിക്കുന്ന സെക്ഷൻ 33 അഥവാ ‘നോട്ട് വിത്ത് സ്റ്റാൻഡിങ് ക്ലോസ്’ ഉപയോഗിച്ചാണ് നടപ്പാക്കിയത്.

ഇന്നലെയാണ് സുപ്രീംകോടതി നിയമത്തിന്റെ ഭൂരിഭാഗവും ശരിവെച്ചത്. മതസ്വാതന്ത്ര്യം, സമത്വം തുടങ്ങിയ അവകാശങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനാ വെല്ലുവിളികൾ മറികടക്കാൻ കെബെക്ക് സർക്കാർ സെക്ഷൻ 33 ഉപയോഗിച്ചത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, കെബെക്ക് നിയമസഭാംഗങ്ങൾ സഭയിൽ മുഖം മറയ്ക്കുന്നത് വിലക്കുന്ന വ്യവസ്ഥ പൗരന്മാരുടെ ജനാധിപത്യപരമായ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് കോടതി കണ്ടെത്തി. അതിനാൽ നിയമത്തിലെ ഈ വ്യവസ്ഥ നിയമസഭാംഗങ്ങൾക്ക് ബാധകമാകുന്നിടത്തോളം റദ്ദാക്കി.

വിധി വിവേചനം നേരിടുന്ന മതന്യൂനപക്ഷങ്ങൾക്കും മാനിറ്റോബയിലെ ജനങ്ങൾക്കും നിരാശയുണ്ടാക്കുന്നതാണെങ്കിലും ഇതൊരു സമ്പൂർണ പരാജയമല്ലെന്ന് കിന്യൂ പറഞ്ഞു. സെക്ഷൻ 33 ഉപയോഗിച്ചാലും ഒരു നിയമം ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതികൾക്ക് അധികാരമുണ്ടെന്ന മാനിറ്റോബ സർക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം നിയമങ്ങൾ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് കോടതികൾക്ക് പ്രഖ്യാപിക്കാനാകുമെന്നത് ഭാവിയിൽ പ്രധാനപ്പെട്ട ഉപാധിയാകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!