ബംഗളൂരു: കർണാടകയിലെ മൈസൂരു-മാണ്ഡ്യ മേഖലയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ കെ. ബാസിൽ, പി.പി. ലിഫൈൻ എന്നിവരാണ് മരിച്ചവരിൽ രണ്ടുപേർ. അപകടത്തിൽ മരിച്ച മൂന്നാമത്തെയാളായ പെൺകുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ബംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിൽ ഇന്ന് രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ വാഹനം തകർന്നതോടെ യാത്രക്കാരെ പുറത്തെടുക്കാൻ പൊലീസിന് ഏറെ പണിപ്പെടേണ്ടിവന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ മാണ്ഡ്യയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
