റാഞ്ചി: ജാർഖണ്ഡിലെ രാംഗഢിലുണ്ടായ വാഹനാപകടത്തിൽ 13 പേർ മരിച്ചു. തീർഥാടകരുമായി പോയ കാറാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നു. ബിഹാർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
റാഞ്ചി–പട്‌ന ദേശീയപാതയിൽ പൈങ്കിയിലായിരുന്നു അപകടം. പുലർച്ചെ രണ്ടുമണിയോടെ ദേശീയപാത 33-ൽ 14 അംഗ സംഘം സഞ്ചരിച്ചിരുന്ന സ്‌കോർപിയോ മുന്നിൽ പോയിരുന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രാജ്രപ്പ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തിൽ പരുക്കേറ്റ ഒരാളെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ചികിത്സയിൽ തുടരുകയാണ്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ടവർ ബിഹാറിലെ നളന്ദ ജില്ലയിലെ ജംഗാരോ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
