Sunday, November 29, 2026

കരമാർഗം ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന

ഡൽഹി: ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ 16ന് കരമാർഗം സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യതകൾ തേടുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ നേതാക്കളും പ്രവർത്തകരും പശ്ചിമ ബംഗാൾ, ത്രിപുര അതിർത്തികളിലെ വിവിധ ചെക്ക്‌പോസ്റ്റുകൾ സന്ദർശിച്ച് പരിശോധന നടത്തിയതായാണ് വിവരം.

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കരതുറമുഖമായ പശ്ചിമ ബംഗാളിലെ പെട്രാപോൾ–ബെനാപോൾ അതിർത്തി വഴിയുള്ള യാത്രയ്ക്കാണ് പ്രധാന പരിഗണന നൽകുന്നത്. ത്രിപുര അതിർത്തി വഴിയുള്ള പ്രവേശനസാധ്യതയും പരിശോധിക്കുന്നുണ്ട്. എന്നാൽ മടങ്ങിവരവിന്റെ അന്തിമ മാർഗമോ യാത്രയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പാസ്‌പോർട്ടില്ല; കരമാർഗം പരിഗണനയിൽ

ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് 2024 ഓഗസ്റ്റിൽ റദ്ദാക്കിയിരുന്നു. 2025 ഫെബ്രുവരിയിൽ ദേശീയ തിരിച്ചറിയൽ കാർഡും പ്രവർത്തനരഹിതമാക്കി. സാധുവായ യാത്രാരേഖകളില്ലാത്തതിനാൽ വിമാനമാർഗമുള്ള യാത്രയ്ക്ക് തടസ്സങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് കരമാർഗം പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.

പുതിയ പാസ്‌പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും ലഭിക്കുന്നതിനായി ലണ്ടൻ ആസ്ഥാനമായുള്ള അഭിഭാഷക സ്ഥാപനമായ മാട്രിക്സ് ചേംബേഴ്സ് മുഖേന നവംബർ ഒമ്പതിന് ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്.

നേരത്തെ ഡൽഹിയിൽ നിന്ന് ധാക്കയിലേക്ക് മടങ്ങാൻ ബംഗ്ലാദേശിന്റെ ദേശീയ വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന്റെ പ്രത്യേക വിമാനം അയക്കണമെന്ന് ഹസീന ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കൈവിലങ്ങണിയിച്ചോ കർശന നിരീക്ഷണത്തിലോ മാത്രമേ ഹസീനയെ തിരിച്ചെത്തിക്കൂ എന്ന നിലപാടാണ് ബംഗ്ലാദേശ് സർക്കാർ സ്വീകരിച്ചത്.

1971ലെ വിമോചനയുദ്ധത്തിൽ പാകിസ്ഥാൻ സൈന്യം കീഴടങ്ങിയതിന്റെ ഓർമയ്ക്കായി ബംഗ്ലാദേശ് വിജയ് ദിവസ് ആചരിക്കുന്ന ദിവസമാണ് ഡിസംബർ 16. ഈ ദിവസമാണ് നാട്ടിലേക്ക് മടങ്ങാൻ ഹസീന ലക്ഷ്യമിടുന്നത്. 2024 ഓഗസ്റ്റ് അഞ്ചിന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് ഇന്ത്യയിലെത്തിയ ഹസീന, 2026 ഓഗസ്റ്റ് അഞ്ചിന് തന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരുന്നു.

അതേസമയം, ബംഗ്ലാദേശിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹസീനയെ അറസ്റ്റ് ചെയ്യണമെന്ന നിലപാടിലാണ് സർക്കാർ. ഇന്ത്യയോട് ഹസീനയെ കൈമാറണമെന്ന് ധാക്ക ആവശ്യപ്പെട്ടിട്ടുണ്ട്. സ്വമേധയാ മടങ്ങിവരാൻ തയ്യാറാണെന്നും കൈമാറൽ നടപടികൾ ആവശ്യമില്ലെന്നുമാണ് ഹസീനയുടെ നിലപാട്.

ഇന്ത്യയ്ക്ക് നയതന്ത്ര വെല്ലുവിളി

ഹസീനയുടെ മടങ്ങിവരവ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിൽ പുതിയ നയതന്ത്ര വെല്ലുവിളികൾ ഉയർത്തിയേക്കും. ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ നിയമപരമായ നടപടിക്രമങ്ങൾക്കനുസരിച്ച് പരിഗണിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

ഹസീനയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ അവാമി ലീഗ്, ഭരണകക്ഷിയായ ബിഎൻപി പ്രവർത്തകർ തമ്മിൽ സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തിന്റെ സാധ്യതകളും അനിശ്ചിതത്വത്തിലാണെന്നാണ് റിപ്പോർട്ടുകൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!