കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുന്ന ബാഴ്‌സലോണ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ വമ്പൻ തുക ചിലവഴിക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ സീസണിൽ സാവി പരിശീലകനായതിനു ശേഷം ഒൻപതാം സ്ഥാനത്തു നിന്നും രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ ബാഴ്‌സലോണ അടുത്ത സീസണിൽ ടീമിനെ കൂടുതൽ കരുത്തുറ്റ സംഘമാക്കി മാറ്റാനുളള പദ്ധതികൾ കൃത്യമായി നടപ്പിൽ വരുത്തുന്നുണ്ടെന്ന് ഇതു വ്യക്തമാക്കുന്നു.
സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഇരുനൂറു മില്യൺ യൂറോയാണ് താരങ്ങളെ സ്വന്തമാക്കാൻ ബാഴ്‌സലോണ ചിലവഴിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം അമേരിക്കൻ കമ്പനിയായ സിക്സ്ത് സ്ട്രീറ്റുമായി ലാ ലിഗ ടെലിവിഷൻ അവകാശത്തിന്റെ പതിനഞ്ചു ശതമാനം നൽകാനുള്ള കരാർ ഒപ്പു വെച്ചതോടെയാണ് ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കുറയ്ക്കുന്നതിന് സഹായകമായത്.
ജൂലൈ മാസത്തിൽ അമേരിക്കയിൽ വെച്ചു നടക്കുന്ന ബാഴ്‌സയുടെ പ്രീ സീസൺ ടൂറിനു മുന്നോടിയായി ഈ തുക റിലീസ് ചെയ്യും. സിക്സ്ത് സ്ട്രീറ്റുമായുള്ള കരാർ വഴി ഏതാണ്ട് നാനൂറു മില്യൺ യൂറോയാണ് ബാഴ്‌സലോണയിലേക്ക് വന്നു ചേരുക. ഈ തുകയാണ് ബാഴ്‌സലോണക്ക് ട്രാൻസ്‌ഫർ മാർക്കറ്റിൽ കൂടുതൽ ഇടപെടലുകൾ നടത്താൻ വഴിയൊരുക്കുന്നത്.
സിക്സ്ത് സ്ട്രീറ്റുമായി പുതിയ കരാർ ഒപ്പിട്ടതോടെ ബാഴ്‌സലോണ ലൈസൻസിങ് ആൻഡ് മെർക്കന്റൈസിന്റെ 49 ശതമാനം താൽക്കാലികമായി വിൽക്കാനുള്ള പദ്ധതിയിൽ നിന്നും പിന്മാറിയിട്ടുണ്ട്. ഇപ്പോൾ പൂർത്തിയാക്കിയ കരാർ നിലവിലെ പ്രതിസന്ധികളെ അതിജീവിക്കാൻ പര്യാപ്‌തമാണെന്ന് കാറ്റലൻ ക്ലബ് ഉറച്ചു വിശ്വസിക്കുന്നു.
ബാഴ്‌സ നിരവധി താരങ്ങളെ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോസ്‌കി, ലീഡ്‌സ് താരം റഫിന്യ, സെവിയ്യ പ്രതിരോധതാരം കൂണ്ടെ എന്നിവരെയാണ് ബാഴ്‌സലോണ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനു പുറമെ ഡെംബലെയുടെ കരാർ പുതുക്കുകയെന്നതും ബാഴ്‌സയുടെ മുന്നിലുണ്ട്.
