കേന്ദ്ര നയങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് തുടക്കം. വൈകുന്നേരം അഞ്ച് മണിക്ക് കന്യാകുമാരിയില്‍ നിന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഫ്ളാഗ് ഓഫ് ചെയ്യും. യാത്രയ്ക്ക് മുന്നോടിയായി രാഹുല്‍ ഗാന്ധി, പിതാവ് രാജീവ് ഗാന്ധി കൊല്ലപ്പെട്ട ചെന്നൈ ശ്രീപെരുംപുത്തൂരിലെ സ്മൃതി മണ്ഡലപത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
കന്യാകുമാരിയില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വൈകുന്നേരം അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടനം. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 5 മാസം നീളുന്ന പദയാത്രയായാണ് ഭാരത് ജോഡോ സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ഒരു മണിയോടെ ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് തിരിക്കും. ശേഷമാകും യാത്രയ്ക്ക് ഔദ്യോഗിക തുടക്കം. തമിഴ്നാട്ടില്‍ ഒട്ടേറെത്തവണ തിരഞ്ഞെടുപ്പ് പര്യടനം നടത്തിയിട്ടുള്ള രാഹുല്‍, ഇതുവരെ രാജീവ് ഗാന്ധി സ്മാരകത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നില്ല. ഇപ്പോള്‍ ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നതിനുമുമ്പ് ഇവിടെ അഞ്ജലിയര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രാവിലെ ഏഴിന് രാജീവ് ഗാന്ധി രക്തസാക്ഷിത്വം വരിച്ച മണ്ണില്‍ രാഹുല്‍ എത്തുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
കന്യാകുമാരിയില്‍ നിന്നാരംഭിക്കുന്ന യാത്ര കശ്മീരില്‍ സമാപിക്കും. 12 സംസ്ഥാനങ്ങളിലായി 3,500 കിലോമീറ്റര്‍ സഞ്ചരിക്കുന്ന യാത്ര 150 ദിവസമെടുക്കും. 2024ലെ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സാധ്യതകള്‍ മെച്ചപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമായാണ് അഞ്ചുമാസം നീണ്ട യാത്രയെ കാണുന്നത്.
ഇതിനിടെ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധത്തിന് പദ്ധതിയിട്ട ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍ ഈയി , ദിണ്ടിഗല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അര്‍ജുന്‍ സമ്പത്തിനെ അറസ്റ്റ് ചെയ്തത് . ഭാരത് ജോഡോ യാത്ര ഉദ്ഘാടനം നടക്കാനിരിക്കുന്ന കന്യാകുമാരിക്ക് പോകാനായിരുന്നു പദ്ധതി . അര്‍ജുന്‍ സമ്പത്തിനെ തമിഴ്‌നാട് പൊലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുത്തു.
