Saturday, April 18, 2026

ദൃശ്യവിസ്മയം തീർത്ത് മണിരത്നം; ബ്രഹ്മാണ്ഡമാകാൻ ‘പൊന്നിയിൻ സെൽവൻ’; ട്രെയിലർ പുറത്ത്

Mani Ratnam completes the visual awe; 'Ponniyin Selvan' to be the universe; The trailer is out

അഖില സുരേഷ്

മണിരത്നത്തിന്റെ സ്വപ്നപദ്ധതിയായ ബ്രഹ്മാണ്ഡചിത്രം പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിന്റെ ട്രെയിലർ എത്തി. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പൻ താരനിരയുമായാണ് ചിത്രത്തിന്റെ വരവ്. വിക്രം, കാർത്തി, ജയം രവി, ജയറാം, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി മുൻനിരതാരങ്ങൾ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. അതിഗംഭീര സെറ്റും കണ്ണഞ്ചിപ്പിക്കുന്ന യുദ്ധരംഗങ്ങൾകൊണ്ടും സമ്പുഷ്ടമാണ് ട്രെയിലർ.

പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ ടൈറ്റിൽ കഥാപാത്രമായി ജയം രവി എത്തുന്നു. രാജ രാജ ചോഴനായാണ് ജയം രവി അഭിനയിക്കുന്നത്. ആദിത്യ കരികാലന്റെ ഇളയസഹോദരനാണ് അരുൾമൊഴി വർമനെന്ന രാജ രാജ ചോഴൻ. ആദിത്യ കരികാലനായി എത്തുന്ന വിക്രം, വന്തിയ തേവൻ എന്ന കാർത്തി, നന്ദിനി രാജകുമാരിയായ ഐശ്വര്യ റായി, കുന്ദവൈ രാഞ്ജി തൃഷ എന്നിവരുടെ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്കുകൾ നേരത്തേ റിലീസ് ചെയ്തിരുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവൽ.

തമിഴ്സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവൽ വെള്ളിത്തിരയിലാക്കുമ്പോൾ ഗംഭീര കാസ്റ്റിങ് ആണ് സിനിമയ്ക്കായി മണിരത്നം നടത്തിയിരിക്കുന്നത്. വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, പ്രഭു, അശ്വിൻ കകുമനു, ലാൽ, പാർഥിപൻ, റിയാസ് ഖാൻ, മോഹൻ രാമൻ, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, ശരത്കുമാർ, ജയറാം, റഹ്മാൻ, കിഷോർ, പ്രകാശ് രാജ്, വിക്രം പ്രഭു, ജയചിത്ര എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുക.

സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോൻ ചിത്രം ‘സർവം താളമയ’ത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേൽ. നിർമാണം മണിരത്നവും ലൈക പ്രൊ‍ഡക്‌ഷൻസും ചേർന്നാണ്.

1958 ല്‍ പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി എംജിആര്‍ ഒരു ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു. 2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം നീണ്ടുപോയി. പൊന്നിയിൻ സെൽവൻ സെപ്റ്റംബർ 30ന് റിലീസ് ചെയ്യും.

അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. ‌അതു ചുരുക്കി, രണ്ടു ഭാഗങ്ങളുള്ള സിനിമയാക്കുകയാണ് മണിരത്നത്തിന്റെ ലക്ഷ്യം. 2015 ല്‍ 32 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അനിമേഷന്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിന്‍ഡ മൂവി ടൂണ്‍സ് എന്ന ആനിമേഷന്‍ സ്റ്റുഡിയോ എട്ട് വര്‍ഷം കൊണ്ടാണ് ചലച്ചിത്രം നിര്‍മിച്ചത്.

2005 ൽ പൊന്നിയിൻ സെൽവൻ എന്ന പേരിൽ രാധാമോഹൻ സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയിരുന്നു. രേവതി, പ്രകാശ് രാജ്, ഗോപിക തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന് പക്ഷേ ചരിത്ര നോവൽ പൊന്നിയിൻ‌ സെൽവനുമായി ബന്ധമുണ്ടായിരുന്നില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!