മീനു ചേലാടൻ
യാത്രകൾ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. കൊവിഡ് മഹാവ്യാധി തെല്ലൊന്ന് അകന്ന് തുടങ്ങിയതോടെ എല്ലാവരും യാത്രയിലാണ്. നല്ല നല്ല കാഴ്ചകൾ തേടി….
പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു കാഴ്ച തേടിയാണ് ഇക്കുറി നമ്മുടെ യാത്ര. പസഫിക് സമുദ്രത്തിന്‍റെ അടുത്തായി സ്ഥിതിചെയ്യുന്ന ഹില്ലിയർ തടാകത്തിലേക്ക്.
600 മീറ്റർ നീളവും 250 മീറ്റർ വീതിയുമുള്ള തടാകത്തിന്‍റെ നിറം ഇളം പിങ്ക് ആണ്. നിറത്തിലുള്ള ഈ വ്യത്യസ്തതയ്ക്ക് കാരണം തേടിയുള്ള പഠനങ്ങളിൽ ആണ് ശാസ്ത്ര ലോകം ഇപ്പോഴും. തടാകത്തിൽ ഉയർന്നതോതിൽ ലവണാംശമുള്ളതുകൊണ്ടാകാം പിങ്ക് നിറം ലഭിച്ചത് എന്ന നിഗമനത്തിലാണ് ഒരു കൂട്ടർ. തടാകത്തിൽ കാണപ്പെടുന്ന മൈക്രോ ആൽഗകൾ അന്തരീക്ഷത്തിലെ ചുവപ്പ് ഓറഞ്ച് എന്നീ നിറങ്ങളെ ഊർജം ഉൽപാദിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നതിന്റെ ഫലമായി പ്രതിഫലിക്കുന്നതാണ് പിങ്ക് നിറമെന്നും വാദങ്ങൾ ഉണ്ട്.

സമുദ്ര പര്യവേഷകനായ മാത്യു ഫ്ളിന്‍റേഴ്സ് ആണ് ആദ്യമായി ഈ തടാകം കണ്ടെത്തിയത്. മരിച്ചു പോയ സംഘത്തിലെ അംഗമായ വില്യം ഹില്ലിയറുടെ പേര് തടാകത്തിന് നൽകിയതും മാത്യു ഫ്ളിന്‍റേഴ്സ് ആയിരുന്നു.

കടല്‍ ജലത്തിലേക്കാള്‍ ഏഴിരട്ടി ഉപ്പുരസമുള്ള തടാകത്തിലെ വെള്ളം നിറവ്യത്യാസമല്ലാതെ മനുഷ്യന് യാതൊരു ദോഷവും സൃഷ്ടിക്കുന്നില്ല എന്നതാണ് ഇതിന്‍റെ മറ്റൊരു സവിശേഷത. ഈ തടാകത്തില്‍ ഇറങ്ങിയാലോ കുളിച്ചാലോ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതായും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവിടെയെത്തുന്ന സഞ്ചാരികളില്‍ പലരും മടങ്ങാറുള്ളത് കുപ്പികളിലാക്കിയ പിങ്ക് വെള്ളവും ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളുമായാണ്.
