ഒട്ടാവ : വിദേശ സൈന്യത്തിൽ നിന്ന് പരിശീലനം ലഭ്യമായിട്ടുണ്ടോ എന്ന പരിഗണനയില്ലാതെ, സ്ഥിര താമസക്കാർക്ക് കനേഡിയൻ സായുധ സേനയിൽ ചേരാൻ അപേക്ഷിക്കാമെന്ന് ഡിഫൻസ് സ്റ്റാഫ് മേധാവി ജനറൽ വെയ്ൻ ഐർ അറിയിച്ചു.
മാർച്ചോടെ 5,900 പുതിയ അംഗങ്ങളെ ചേർക്കുകയെന്ന ലക്ഷ്യത്തേക്കാൾ വളരെ പിന്നോക്കം പോയതിനെ തുടർന്ന് റിക്രൂട്ട്‌മെന്റ് വർദ്ധിപ്പിക്കാനുള്ള കനേഡിയൻ സൈന്യത്തിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യത്തിൽ ചേരുന്ന സ്ഥിര താമസക്കാരുടെ അപേക്ഷകൾക്ക് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ മുൻഗണന നൽകുന്നതിനാൽ പൗരത്വം നേടാൻ കൂടുതൽ സഹായകമാകുമെന്നും ദേശീയ പ്രതിരോധ വകുപ്പ് വ്യക്തമാക്കി.
നിലവിൽ 8,000 സൈനികരുടെയും നാവികരുടെയും വൈമാനികരുടെയും കുറവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ലൈംഗിക ദുരുപയോഗ കേസുകൾ, COVID-19 പാൻഡെമിക്, റെപ്യറ്റേഷൻ ഇഷ്യൂസ് എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ സൈനികരുടെ കുറവിന് കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.
നിലവിൽ, രാജ്യത്ത് സ്ഥിര താമസക്കാരായ വിദേശ സൈനികരാൽ പരിശീലനം ലഭിച്ച വിദഗ്ദ്ധരായ പ്രൊഫഷണലുകളാണെങ്കിൽ മാത്രമേ സായുധ സേനയിൽ അംഗമാകാൻ കഴിയൂ.
പ്രാതിനിധ്യം കുറഞ്ഞ ഗ്രൂപ്പുകളെ ടാർഗെറ്റുചെയ്‌ത് റിക്രൂട്ട് ചെയ്യുന്നതിലൂടെയും വസ്ത്രധാരണ നിയമങ്ങൾ ലഘൂകരിക്കുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ സായുധ സേനയുടെ ശക്തി വർധിപ്പിക്കാൻ സാധിക്കുമെന്ന് കരുതുന്നു.
