അഖില സുരേഷ്
അമേരിക്കൻ ഗായികയും നടിയുമായ ലേഡി ഗാഗ, ‘ജോക്കർ 2’ യിൽ ഹാർലി ക്വിന്നായി വേഷമിടുന്നു. ജോക്കർ 2 വിന്റെ സംവിധായകൻ ടോഡ് ഫിലിപ്സ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
മാർഗോറ്റ് റോബിയാണ് ഇതിനു മുന്‍പ് ഹാർലി ക്വിന്നായി വേഷമിട്ടിരുന്നത്. സൂയിസൈഡ് സ്ക്വാഡ്, ബേഡ്സ് ഓഫ് പ്രേ തുടങ്ങിയ സിനിമകളിലൂടെയാണ് ജോക്കറിന്‍റെ കാമുകിയായ ഹാർലി ക്വിന്നിനെ ലോകം ഏറ്റെടുത്ത് തുടങ്ങിയത്.
മാനസിക രോഗിയായ ജോക്കറിനെ ചികിത്സിച്ച മനോരോഗ വിദഗ്ധയായിരുന്നു ഹാർലി ക്വിന്‍. ലേഡി ഗാഗ ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റും വൈറലാണ്.
‘ജോക്കർ: ഫോളി എ ഡ്യുക്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. വാക്വിന്‍ ഫിനിക്സ് തന്നെയാണ് ഇത്തവണയും ജോക്കര്‍ വേഷത്തിലെത്തുക. 2019ലാണ് ജോക്കറിന്റെ ആദ്യ ഭാഗം പ്രേഷകർക്ക് മുന്നിലെത്തിയത്.
1966 ല്‍ ഇറങ്ങിയ ആദ്യ ബാറ്റ്മാൻ ചിത്രത്തിൽ ജോക്കറായി വേഷമിട്ടത് സീസർ റൊമേറൊയാണ്. വില്ലൻ കഥാപാത്രങ്ങൾക്ക് പ്രത്യേകം കഥ പറയുന്ന രീതി ഹോളിവുഡിൽ അരങ്ങേറിയതോടെ ജോക്കറിനും സ്പിൻ ഓഫ് ചിത്രങ്ങൾ ഉണ്ടായി.
