മുഖ്യമന്ത്രിക്ക് എതിരെ കരിങ്കൊടി പ്രതിഷേധം തുടർന്ന് പ്രതിപക്ഷ യുവജന സംഘടനകൾ. കോഴിക്കോടും മലപ്പുറത്തും കരിങ്കൊടി കാണിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധ സാധ്യത കാണിക്കിലെടുത്ത് കരുതൽ കസ്റ്റഡിയിൽ നിന്ന് പിൻമാറാനും പൊലീസ് തയ്യാറായില്ല.കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിന് പുറത്ത് കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും പ്രയോഗിച്ചു.
കനത്ത പൊലീസ് കാവലിലാണ് ഇന്നും മുഖ്യമന്ത്രി പൊതു പരിപാടികൾക്കായി എത്തിയത്. കാലിക്കറ്റ് സര്വകലാശാലയിലെ പരിപാടിക്ക് മുഖ്യമന്ത്രി എത്തു മുമ്പ് കറുത്ത വസ്ത്രം ധരിച്ച് ക്യാമ്പസിൽ എത്തിയ KSU പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിനായി എത്തിയതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കറുത്ത വസ്ത്രം ധരിച്ച് ക്യാമ്പസിലേക്ക് മാർച്ച് നടത്തി. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കീ പ്രയോഗിച്ചു.
കോഴിക്കോട് ജില്ലയിൽ മുൻകരുതലായി KSU, യൂത്ത് കോൺഗ്രസ് പ്രസിഡൻ്റുമാരെ പൊലീസ് കസ്റ്റഡിയിലെടുത്തത് പ്രതിഷേധത്തിന് ഇടയാക്കി. ഡി.സി.സി. പ്രസിഡൻ്റുൾപ്പടെ എത്തി പ്രതിഷേധിച്ചതോടെയാണ് ഇവരെ വിട്ടയച്ചത്. കൈതപ്പൊയിലെ പരിപാടിക്കായി മുഖ്യമന്ത്രി പോകും വഴി താമരശേരിയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കൈതപ്പൊയിൽ നിന്ന് മൂന്ന് എം.എസ്.എഫ്. യൂത്ത് ലീഗ് പ്രവർത്തകരെയും കരുതൽ കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളജിലെ പരിപാടിക്കായി പോകും വഴി മുണ്ടക്കീൽത്താഴത്തു വച്ച് യുവമോർച്ചാ പ്രവർത്തകരും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി.
