വ്യക്തിഗത ആവശ്യങ്ങൾക്കായി കഞ്ചാവ് ചെടികൾ കൈവശം വയ്ക്കുന്നതിനും കൃഷി ചെയ്യുന്നതിനുമുള്ള ക്യുബക് പ്രവിശ്യയുടെ നിരോധനം ഭരണഘടനാപരമാണെന്ന് സുപ്രീം കോടതി.
ഫെഡറൽ കഞ്ചാവ് നിയമത്തിന്റെ ഉദ്ദേശ്യത്തെ തടസ്സപ്പെടുത്താത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ക്യുബക് സർക്കാരിന്റെ ഭരണഘടന അനുവദിക്കുന്നതായി സുപ്രീം കോടതി ഏകകണ്ഠമായ വിധിയിൽ പറഞ്ഞു. 2018 ലെ ഫെഡറൽ നിയമം ആളുകൾക്ക് വീട്ടിൽ നാല് കഞ്ചാവ് ചെടികൾ വരെ വളർത്താനോ സ്വന്തമാക്കാനോ അനുവദിക്കുന്നുണ്ട്.
പ്രവിശ്യാ നിയമത്തിന്റെ പൊതുജനാരോഗ്യ-സുരക്ഷാ ലക്ഷ്യങ്ങളും അതിന്റെ വിലക്കുകളും ഫെഡറൽ ആക്ടിന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നു. ഉദ്ദേശ്യങ്ങളിൽ വൈരുദ്ധ്യം കണ്ടെത്തുന്നത് അടിസ്ഥാനമില്ല,” ചീഫ് ജസ്റ്റിസ് റിച്ചാർഡ് വാഗ്നർ വിധിയിൽ പറഞ്ഞു.
രാജ്യത്ത് 2018-ൽ കഞ്ചാവ് നിയമം അംഗീകരിച്ചു. ഇതേ തുടർന്ന് രാജ്യത്തുടനീളമുള്ള കഞ്ചാവിന്റെ ഉപയോഗം കുറ്റകരമല്ലാക്കുകയും ജനങ്ങൾക്ക് വീട്ടിൽ വളർത്താവുന്നതോ വളർത്തുന്നതോ ആയ കഞ്ചാവ് ചെടികളുടെ എണ്ണം നാലായി പരിമിതപ്പെടുത്തി. എന്നാൽ ക്യൂബെക്ക് സർക്കാർ വ്യക്തിഗത ഉപയോഗത്തിനായി കഞ്ചാവ് ചെടികൾ വളർത്തുന്നത് നിരോധിക്കുകയും 250 മുതൽ 750 ഡോളർ വരെ പിഴയായി ഈടാക്കുമെന്നും അറിയിച്ചു.
പ്രത്യേക പ്രവിശ്യാ അധികാരപരിധിയിലുള്ള വിഷയങ്ങളായ സ്വത്തും പൗരാവകാശങ്ങളും, കേവലം പ്രാദേശികമോ സ്വകാര്യമോ ആയ വിഷയങ്ങൾ എന്നിവ സംബന്ധിച്ച് ഭരണഘടനാപരമായി അനുവദിച്ചിരിക്കുന്ന അധികാരങ്ങളുടെ സാധുവായ ഉപയോഗമാണ് ക്യൂബെക്കിന്റെ നിയമമെന്ന് കോടതി പറഞ്ഞു.
ഫെഡറൽ നിയമവുമായി താരതമ്യപ്പെടുത്തുമ്പോൾ ക്യുബെക്കിന്റെ മരിജുവാന നിയമനിർമ്മാണത്തിന് വ്യത്യസ്തമായ സമീപനമുണ്ടെന്നും എന്നാൽ കഞ്ചാവ് വിപണിയിൽ ക്രിമിനൽ സംഘടനകളുടെ സാന്നിധ്യം കുറയ്ക്കുന്നതിനും സ്വദേശമായ കഞ്ചാവ് നിയന്ത്രിക്കുന്നതിനും നിരോധനം ലക്ഷ്യം വെക്കുന്നതായി വാഗ്നർ വിധിച്ചു.
പ്രവിശ്യയിൽ വ്യക്തിഗത ഉപയോഗത്തിനായി കഞ്ചാവ് ചെടികൾ കൈവശം വയ്ക്കുന്നതിനും കൃഷി ചെയ്യുന്നതിനുമുള്ള നിരോധനം ഭരണഘടനാ വിരുദ്ധമാണെന്നും 2018-ൽ നടപ്പാക്കിയ ഫെഡറൽ കഞ്ചാവ് നിയമത്തിന് വിരുദ്ധമാണെന്നും ആരോപിച്ച് 2019ലാണ് ക്യുബക് സ്വദേശി ജാനിക്ക് മുറെ-ഹാൾ കേസ് നൽകിയത്. ജാനിക്ക് മുറെ-ഹാൾ നൽകിയ കേസിൽ ക്യൂബെക്ക് സുപ്പീരിയർ കോടതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പ്രവിശ്യ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
ക്യൂബെക്കിന് പുറമേ, മാനിറ്റോബയിലും സമാനമായ നിരോധനം നിലവിലുണ്ട്.
