ന്യൂഡൽഹി : ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽ കുടുക്കുന്നത് ഒഴിവാക്കാൻ 25 കോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം നേരിടുന്ന മുൻ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ മേധാവി സമീർ വാങ്കഡെയ്ക്കും മറ്റു 4 പേർക്കുമെതിരെ സിബിഐ എഫ്ഐആർ സമർപ്പിച്ചു.
റാഞ്ചി, കാൻപുർ,മുംബൈ, ഡൽഹി എന്നിവിടങ്ങളിലായി വാങ്കഡെയുമായി ബന്ധമുള്ള 29 ഇടങ്ങളിൽ സിബിഐ സംഘം പരിശോധന നടത്തി. കൈക്കൂലിയുടെ മുൻകൂർ തുകയായി 50 ലക്ഷം രൂപ വാങ്കഡെയും കൂട്ടാളികളും കൈപ്പറ്റിയിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.2021 ഒക്ടോബർ 2ന് ഗോവയിലേക്കുള്ള ആഡംബര കപ്പലിൽ വാങ്കഡെയും സംഘവും റെയ്ഡ് നടത്തിയപ്പോൾ ലഹരിയുമായി പിടിയിലായവർക്കൊപ്പം ആര്യൻ ഖാൻ ഉണ്ടായിരുന്നതു മുതലെടുത്താണ് ഷാറുഖിനോട് കൈക്കൂലി ആവശ്യപ്പെട്ടത്.
വാങ്കഡെയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് എൻസിബി ഉന്നതതല അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് എൻസിബി ഉന്നതതല അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ആര്യനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു.വാങ്കഡെയെ ചെന്നൈയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. മറ്റു 2 എൻസിബി ഉദ്യോഗസ്ഥരെ ക്രമക്കേടുകളുടെ പേരിൽ കഴിഞ്ഞ ദിവസം സർവീസിൽ നിന്നു പിരിച്ചുവിട്ടു.
