അസമില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നദികള്‍ അപകടനിലയില്‍ കവിഞ്ഞൊഴുകുകയാണ്. ബ്രഹ്മപുത്ര ഉള്‍പ്പെടെയുള്ള മറ്റ് നിരവധി നദികള്‍ വിവിധ സ്ഥലങ്ങളില്‍ മുന്നറിയിപ്പ് നിലവാരത്തിന് മുകളില്‍ ഒഴുകുന്നുണ്ടെന്ന് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന് (സിഡബ്ല്യുസി) റിപ്പോര്‍ട്ട് പറയുന്നു. കാമ്പൂരിലെ കോപിലി (നാഗോണ്‍) നദികളും കാംരൂപ് ജില്ലയിലെ പുത്തിമാരിയില് നദികളും അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തുടനീളം തോരാതെ പെയ്യുന്ന മഴയില്‍ ദുരിതത്തിലായിരിക്കുകയാണ് ജനങ്ങള്‍.
അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എഎസ്ഡിഎംഎ) റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ 10 ജില്ലകളിലായി ശനിയാഴ്ച വരെ 37,535 പേരെ വെള്ളപ്പൊക്കം ബാധിച്ചു. ഗുവാഹത്തിയില്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. എന്നാല്‍, വെള്ളപ്പൊക്കത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍തോതിലുള്ള മണ്ണൊലിപ്പും അണക്കെട്ടുകളിലെ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റോഡുകള്‍, പാലങ്ങള്‍, സ്കൂളുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം വെളളത്തിനടിയിലായി.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
കൊക്രജാര്‍, ചിരാംഗ്, ബക്സ, ബാര്‍പേട്ട, ബോംഗൈഗാവ് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് (24 മണിക്കൂറില്‍ 20 സെന്റിമീറ്ററില്‍ കൂടുതല്‍) സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഐഎംഡിയുടെ കണക്കനുസരിച്ച്, ധുബ്രി, കാംരൂപ്, കാംരൂപ് മെട്രോപൊളിറ്റന്‍, നല്‍ബാരി എന്നിവിടങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
