ടൊറോൻ്റോ: ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം മൂലം കാനഡയിലും പ്രതിസന്ധി രൂക്ഷമായി എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ അരിവില കുത്തനെ ഉയർത്തി വ്യാപാരികൾ.
ഇന്ത്യ ബസ്മതി ഇതര വെള്ള അരി ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതോടെ കാനഡയിലെ പ്രമുഖ ദക്ഷിണേഷ്യൻ ഗ്രോസറി സ്റ്റോറുകളിൽ നിയന്ത്രണം നിലവിൽ വന്നതായാണ് റിപ്പോർട്ട്. ധാന്യങ്ങൾ പ്രാദേശികമായി കൃഷി ചെയ്യാത്തതിനാൽ കാനഡ അരി ഇറക്കുമതിയെയാണ് കൂടുതലായും ആശ്രയിക്കുന്നത്. അരി ഇറക്കുമതിക്ക് കൂടുതലും ഇന്ത്യയെ ആശ്രയിക്കുന്ന കാനഡയെ നിരോധനം പ്രതിസന്ധിയിലാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ഓരോ കുടുംബത്തിനും ഒരു ചാക്ക് അരി എന്ന നിലയിൽ നിയന്ത്രണം ഏർപ്പെടുത്തിയതായാണ് ടൊറന്റോയിലെ ഒരു ദക്ഷിണേഷ്യൻ ഗ്രോസറി സ്റ്റോർ ഉടമ പറയുന്നത്.
വെള്ള അരി നിരോധനത്തിൻ്റെ പേര് പറഞ്ഞ് കുത്തരിക്ക് 10 കിലോ ബാഗിന്റെ വില 20 ഡോളറിൽ നിന്ന് 35 ഡോളറായി വർദ്ധിപ്പിച്ച വ്യാപാരികൾ വരെയുണ്ട്.

നിരോധനം എത്രകാലം നിലനിൽക്കുമെന്ന് വ്യക്തമല്ല, എന്നാൽ ആഗോളതലത്തിൽ ഭക്ഷ്യവില കുതിച്ചുയരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യൻ വിപണിയിൽ ബസ്മതി ഇതര വെള്ള അരിയുടെ മതിയായ ലഭ്യത ഉറപ്പുവരുത്തുന്നതിനും ആഭ്യന്തര വിപണിയിലെ വിലക്കയറ്റം ലഘൂകരിക്കുന്നതിനുമാണ് നിരോധനമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം പറയുന്നു.

