ഓട്ടവ : വാഹനമോഷണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ മോഷ്ടിച്ച ആഡംബര വാഹനങ്ങൾ ഷിപ്പിംഗ് കണ്ടെയ്നറിൽ കയറ്റിയ നിലയിൽ കണ്ടെത്തിയതായി ഓട്ടവ പോലീസ് അറിയിച്ചു. റാംസെവിൽ റോഡ് ഏരിയയിലെ 4500 ബ്ലോക്കിൽ നിന്നാണ് മോഷ്ടിച്ച ഫെരാരിയും റേഞ്ച് റോവറും കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് ഓട്ടവ സ്വദേശി നാൻസി സെയ്ദ് (40)യാണ് അറസ്റ്റിലായത്. കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച സ്വത്ത് കൈവശം വയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അന്വേഷണത്തിനിടെ ഫെരാരിയും റേഞ്ച് റോവറും ഒരു ഷിപ്പിംഗ് കണ്ടെയ്നറിൽ കയറ്റുന്നത് ഓട്ടവ പോലീസ് ഈസ്റ്റ് എൻഡ് പട്രോളിംഗ് ഓഫീസർ കണ്ടെത്തി. “2021 മോഡൽ റേഞ്ച് റോവർ ഷിപ്പിംഗ് കണ്ടെയ്നറിലേക്ക് കയറ്റുന്ന ടോ ട്രക്ക് അദ്ദേഹം കണ്ടെത്തി,” പോലീസ് പ്രസ്താവനയിൽ പറഞ്ഞു. തുടർന്ന് നടന്ന പരിശോധനയിൽ അതേ ഷിപ്പിംഗ് കണ്ടെയ്നറിനുള്ളിൽ 2022 മോഡൽ ഫെരാരി 812 GTSയും കണ്ടെത്തി.
ഫെരാരി ടൊറന്റോയിൽ നിന്നും റേഞ്ച് റോവർ പീൽ റീജനിൽ നിന്നും മോഷണം പോയതാണെന്ന് പോലീസ് വിശദീകരിച്ചു.
