നയാഗ്ര : നയാഗ്രയിലെ മലയാളി കൂട്ടായ്മയായ നയാഗ്ര മലയാളീ സമാജം ഒരുക്കുന്ന ഓണാഘോഷം “മെഗാ ഓണം 2023” ഓഗസ്റ്റ് 26 ശനിയാഴ്ച്ച നയാഗ്ര കൺവെൻഷൻ സെന്ററിൽ വിപുലമായി ആഘോഷിക്കും. ആദ്യമായാണ് മലയാളികളുടെ ഒരു പരിപാടി കൺവെൻഷൻ സെൻ്ററിൽ വച്ച് നടക്കുന്നത്.
നയാഗ്ര ഫാൾസ് കൊളംബസ് ക്ലബ്ബിൽ ഉച്ചകഴിഞ്ഞ് മൂന്നര മുതൽ ആറ് മണിവരെ ഓണസദ്യ നടക്കും. തുടർന്ന് ഇരുന്നൂറിൽപ്പരം കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന ഓണനിലാവ് ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. നയാഗ്ര ഫാൾസിലെ ഫാൾസ് വ്യൂ തിയേറ്റർ കൺവെൻഷൻ സെന്ററിൽ വൈകിട്ട് ആറ് മുതൽ 10 മണി വരെയാണ് ഓണനിലവ് നടക്കുക.
ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മെഗാ ഓണം 2023-ൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റുകൾക്ക് നയാഗ്ര മലയാളീ സമാജം ഭാരവാഹികളുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് www.niagaramalayaleesamajam.com സന്ദർശിക്കുക.
റിയലറ്റർ അർജുൻ സനിൽകുമാർ ആണ് ഓണാഘോഷപരിപാടികളുടെ മെഗാ സ്പോൺസർ.
