പ്രശസ്തിക്കൊപ്പം വിവാദവും കരിയറിൽ ഉടനീളം നിറഞ്ഞ മലയാളിയുടെ പ്രിയതാരം ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത് വിരമിക്കൽ പ്രഖ്യാപിച്ചു. ബുധനാഴ്ച ട്വിറ്ററിലൂടെയാണ് 39-കാരൻ വിരമിക്കൽ പ്രഖ്യാപിച്ചത്. 27 ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും 10 ടി20 മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ഈ സീസണിൽ രഞ്ജി ട്രോഫിയിൽ കേരളത്തിനായി ആദ്യ രണ്ട് മത്സരങ്ങളും കളിച്ച ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. ബുധനാഴ്ച, തന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തുന്നതിനായി മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ അദ്ദേഹം ട്വീറ്റുകളുടെ ഒരു പരമ്പരയും ഒരു ഹ്രസ്വ വീഡിയോയും പുറത്തിറക്കി.
“എന്റെ കുടുംബത്തെയും എന്റെ ടീമംഗങ്ങളെയും ഇന്ത്യയിലെ ജനങ്ങളെയും പ്രതിനിധീകരിക്കുന്നത് ഒരു ബഹുമതിയാണ്. കൂടാതെ ഗെയിമിനെ സ്നേഹിക്കുന്ന എല്ലാവരേയും പ്രതിനിധീകരിക്കുന്നു. വളരെ സങ്കടത്തോടെ, പക്ഷേ ഖേദമില്ലാതെ, ഞാൻ ഇത് ഹൃദയഭാരത്തോടെ പറയുന്നു: ഞാൻ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. (ഫസ്റ്റ് ക്ലാസും എല്ലാ ഫോർമാറ്റുകളും),” അദ്ദേഹം ട്വീറ്റ് ചെയ്തു.
തന്റെ പ്രഖ്യാപനത്തോട് കൂടുതൽ ചേർത്തുകൊണ്ട് ശ്രീശാന്ത് ട്വീറ്റ് ചെയ്തു:
“ഐസിസി ഒരു മഹത്തായ ബഹുമതിയാണ്. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ എന്റെ 25 വർഷത്തെ കരിയറിൽ, ഞാൻ എല്ലായ്‌പ്പോഴും വിജയങ്ങളും ക്രിക്കറ്റ് ഗെയിമുകൾ പിന്തുടർന്നു, അതേസമയം മത്സരം, അഭിനിവേശം, സ്ഥിരോത്സാഹം എന്നിവയുടെ ഉയർന്ന നിലവാരത്തിലുള്ള തയ്യാറെടുപ്പുകളും പരിശീലനവും.
“അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങൾക്കായി..എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ ഞാൻ തിരഞ്ഞെടുത്തു. ഈ തീരുമാനം എന്റേത് മാത്രമാണ്, ഇത് എനിക്ക് സന്തോഷം നൽകില്ലെന്ന് എനിക്കറിയാമെങ്കിലും, ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിത്. എന്റെ ജീവിതം. ഓരോ നിമിഷവും ഞാൻ വിലമതിക്കുന്നു.”
ഇടക്കാലത്തു ഐ പി എൽ വാതുവെയ്പുമായി ബന്ധപ്പെട്ടു ആജീവനാന്ത വിലക്ക് ഏറ്റുവാങ്ങിയിരുന്നു. 2006 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ നാഗ്പൂരിലായിരുന്നു ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം. 2011 ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ തന്നെ അവസാന ടെസ്റ്റും കളിച്ചു. 27 ടെസ്റ്റുകളിൽ നിന്നായി 87 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.
2005 ഒക്ടോബർ 25ന് ശ്രീലങ്കയ്‌ക്കെതിരെ നാഗ്പൂരിലായിരുന്നു ഏകദിന അരങ്ങേറ്റം. ഏകദിനത്തിൽ 53 മത്സരങ്ങളിൽ നിന്നായി 75 വിക്കറ്റുകൾ വീഴ്ത്തി. ഒരു തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചു. 2011 ഏപ്രിലിൽ ശ്രീലങ്കയ്‌ക്കെതിരെ തന്നെ അവസാന ഏകദിനവും കളിച്ചു.
10 ട്വന്റി20 മത്‌സരങ്ങളിൽ നിന്നായി 7 വിക്കറ്റുകൾ നേടി. 2006 ഡിസംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു അരങ്ങേറ്റം. 2008 ഫെബ്രുവരിയിൽ ഓസ്‌ട്രേലിയക്കെതിരെ അവസാന മത്സരം കളിച്ചു.
ഫസ്റ്റ് ക്ലാസ് കരിയറിൽ 74 മത്സരങ്ങളിൽ നിന്നും 213 വിക്കറ്റുകൾ സ്വന്തമാക്കി. ഇതിൽ ആറു അഞ്ചു വിക്കറ്റ് പ്രകടനവും ഉൾപ്പെടുന്നു. 40 റൺസ് വഴങ്ങി 5 വിക്കറ്റ് പിഴുതതു ആണ് മികച്ച പ്രകടനം. 2 അഞ്ചു വിക്കറ്റ് പ്രകടനം ഉൾപ്പെടെ 92 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്നും 124 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ട്വന്റി20യിൽ 65 മത്സരങ്ങളിൽ നിന്ന് 54 വിക്കറ്റ് നേടി.