ഉക്രെയ്‌നിനെതിരായ യുദ്ധത്തിൽ വ്‌ളാഡിമിർ പുടിൻ പരാജയപ്പെടുമെന്നു ജസ്റ്റിൻ ട്രൂഡോ വ്യാഴാഴ്ച പറഞ്ഞു. സംഘർഷത്തിൽ മാനുഷിക ശ്രമങ്ങൾക്കായി ഉക്രെയ്‌നായി കാനഡ കൂടുതൽ ധനസഹായം നൽകി.
പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ദുഡയ്‌ക്കൊപ്പം വാഴ്‌സയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ
സംസാരിക്കുകയായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് ചർച്ച ചെയ്യാൻ നാല് രാജ്യ പര്യടനത്തിലെ അവസാന ഘട്ടമാണ് പോളണ്ടിലെ സന്ദർശനം.
“വ്‌ളാഡിമിർ പുടിൻ ഒരു വലിയ തെറ്റ് ചെയ്തു, ഈ യുദ്ധത്തിൽ അദ്ദേഹം തോൽക്കും,” ട്രൂഡോ പറഞ്ഞു. “അദ്ദേഹം ഈ യുദ്ധം തോൽക്കും, കാരണം അവരുടെ പ്രദേശം സംരക്ഷിക്കുന്ന ഉക്രേനിയൻ ജനതയുടെ ശക്തിയും നിശ്ചയദാർഢ്യവും നമ്മെയെല്ലാം പ്രചോദിപ്പിക്കുന്നു. സുഹൃത്തുക്കളും സഖ്യകക്ഷികളും എന്ന നിലയിലുള്ള ഞങ്ങളുടെ ദൃഢനിശ്ചയം വ്‌ളാഡിമിർ പുടിനെ വിജയിക്കാൻ അനുവദിക്കില്ല.”
കാനഡയിലേക്ക് വരാൻ ശ്രമിക്കുന്ന ഉക്രേനിയക്കാർക്കുള്ള പ്രത്യേക ഇമിഗ്രേഷൻ നടപടികളെ പിന്തുണയ്ക്കുന്നതിനായി കാനഡ 117 മില്യൺ ഡോളർ അധികമായി നൽകുമെന്നു ട്രൂഡോ പ്രഖ്യാപിച്ചു.
ഫെബ്രുവരി 24 ന് സമ്പൂർണ്ണ യുദ്ധം ആരംഭിച്ചതിനുശേഷം, യുഎൻ കണക്കനുസരിച്ച് രണ്ട് ദശലക്ഷത്തിലധികം ആളുകൾ ഉക്രെയ്നിൽ നിന്ന് പലായനം ചെയ്തു. അവരിൽ പകുതിയിലധികം പേരും പോളണ്ടിലേക്കാണ് പാലായനം ചെയ്തിരിക്കുന്നത്.
കനേഡിയൻ റെഡ് ക്രോസിന്റെ ഉക്രെയ്ൻ മാനുഷിക പ്രതിസന്ധി അപ്പീലിലേക്ക് ഒട്ടാവ അതിന്റെ സംഭാവന തുക വർദ്ധിപ്പിക്കും. കൂടാതെ $30 മില്യൺ മൂല്യമുള്ള സംഭാവനകൾ വാഗ്ദാനം ചെയ്തു. 10 മില്യൺ ഡോളർ വരെ സംഭാവന നല്കുമെന്നു സർക്കാർ ആദ്യം വാഗ്ദാനം ചെയ്തിരുന്നു, ട്രൂഡോ പറഞ്ഞു.
ഉക്രേനിയൻ സേനയ്ക്ക് 50 മില്യൺ ഡോളർ സഹായം, ലാത്വിയയിലെ കാനഡയുടെ സൈനിക ദൗത്യം വിപുലീകരിക്കൽ, പുടിനുമായി അടുത്ത ബന്ധമുള്ള 10 വ്യക്തികൾക്ക് ഉപരോധം എന്നിവ ഉൾപ്പെടെ നിരവധി പ്രഖ്യാപനങ്ങൾ ട്രൂഡോ നടത്തിയിട്ടുണ്ട്.