ഫ്രാൻസ് : ഫുട്ബോൾ ലോകത്തെ പരമോന്നത പുരസ്‌കാരമായി കണക്കാക്കപ്പെടുന്ന ബാലൺ ഡി ഓറിൽ നിർണായകമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഫ്രാൻസ് ഫുട്ബോൾ. കഴിഞ്ഞ തവണ ഒട്ടേറെ വിവാദങ്ങൾക്കു കാരണമായ പുരസ്‌കാരത്തിനു കൂടുതൽ വിശ്വാസ്യത കൈവരുത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റങ്ങളെന്നാണ് അനുമാനിക്കേണ്ടത്.
ബാലൺ ഡി ഓറിനു വേണ്ടി കണക്കാക്കപ്പെടുന്ന കാലഘട്ടം കലണ്ടർ വർഷത്തിൽ നിന്നും യൂറോപ്യൻ സീസണിലേക്ക് മാറുമെന്നാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഇതോടെ ഡിസംബറിലോ ജനുവരിയിലോ പ്രഖ്യാപിച്ചിരുന്ന ബാലൺ ഡി ഓർ പുരസ്‌കാരം അടുത്ത തവണ മുതൽ സെപ്‌തംബറിലോ ഒക്ടോബറിലോ പ്രഖ്യാപിക്കപ്പെടും.
ഈ മാറ്റത്തോടെ അടുത്ത തവണത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനു ഖത്തർ ലോകകപ്പ് പരിഗണിക്കപ്പെടില്ല. ഖത്തർ ലോകകപ്പിനു മുൻപു തന്നെ ബാലൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിക്കപ്പെടുകയും ചെയ്യും. 2022/23 വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിൽ ആയിരിക്കും ഖത്തർ ലോകകപ്പിലെ പ്രകടനം ഉൾപ്പെടുക.
പുരസ്‌കാരത്തിനായി താരങ്ങൾ എങ്ങിനെ പരിഗണിക്കപ്പെടും എന്ന കാര്യത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. നേരത്തെ നേടിയ കിരീടങ്ങൾ വോട്ടിങ്ങിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഘടകമായിരുന്നു. എന്നാൽ അടുത്ത തവണ മുതൽ വ്യക്തിഗത പ്രകടനമാണ് പ്രധാനമായും പരിഗണിക്കുക. താരങ്ങളുടെ കരിയർ മുഴുവൻ കണക്കാക്കുന്നത് പൂർണമായും ഒഴിവാക്കും. എല്ലാ പൊസിഷനിലുമുള്ള താരങ്ങൾക്ക് അവാർഡ് ലഭിക്കാൻ ഇതുവഴി അവസരം ലഭിക്കും.
ഫൈനൽ വോട്ടിങ് പൂളിൽ നേരത്തെ 170 ജേർണലിസ്റ്റുകൾ ഉണ്ടായിരുന്നത് അടുത്ത തവണ മുതൽ 100 ജേർണലിസ്റ്റുകളാക്കി ചുരുക്കിയിട്ടുണ്ട്. ഫിഫയുടെ 100 റാങ്കിങ്ങിൽ വരുന്ന രാജ്യങ്ങളിൽ നിന്നുള്ള ജേർണലിസ്റ്റുകളായിരിക്കുമിത്. അതേസമയം വിമൻസ് ബാലൺ ഡി ഓറിന് ഇത് അമ്പതു പേരായിരിക്കും.