Monday, July 27, 2026

ബി.സി-വാഷിങ്ടൺ അതിർത്തിക്ക് സമീപം സീപ്ലെയ്ൻ തകർന്നു; 11 പേരെയും രക്ഷപ്പെടുത്തി

വൻകൂവർ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ–വാഷിങ്ടൺ അതിർത്തിക്ക് സമീപം സീപ്ലെയ്ൻ തകർന്നു. അപകടത്തിൽ 11 പേർക്ക് പരുക്ക്.
സൂസിയ ദ്വീപിന്റെ തീരത്ത് അടിയന്തര ലാൻഡിങ്ങിനിടെ വിമാനം തകർന്നുവീണ് പിന്നീട് തീപിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട കെൻമോർ എയറിന്റെ വിമാനത്തിലെ പൈലറ്റിനെയും 10 യാത്രക്കാരെയും സമീപത്തുണ്ടായിരുന്ന വിനോദ സഞ്ചാര ബോട്ടുകളിലെ യാത്രക്കാരാണ് ആദ്യം രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തകർ എത്തുന്നതിന് മുമ്പ് തന്നെ ബോട്ടുകാർ അപകടസ്ഥലത്തെത്തി എല്ലാവരെയും രക്ഷപ്പെടുത്തിയതായി
അധികൃതർ അറിയിച്ചു.

മൂന്ന് ബോട്ടുകൾ പരസ്പരം ബന്ധിപ്പിച്ച് രക്ഷാപ്രവർത്തനം നടത്തിയെന്നും പരുക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയെന്നും സാൻ ജുവാൻ ഐലൻഡ് എമർജൻസി മെഡിക്കൽ സർവീസ് അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും ബോട്ടുകളിലൂടെയും ഹെലികോപ്റ്ററുകളിലൂടെയും സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണെന്നും അധികൃതർ വ്യക്തമാക്കി. സിയാറ്റിലിലെ ലേക്ക് യൂണിയനിൽ നിന്ന് പുറപ്പെട്ട കെൻമോർ എയറിന്റെ ഡി ഹാവിലാൻഡ് DHC-3 ഓട്ടർ വിമാനമാണ് വ്യാഴാഴ്ച വൈകിട്ട് 5.15 ഓടെ അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും കമ്പനി അറിയിച്ചു.

യു.എസ്. കോസ്റ്റ് ഗാർഡ്, കനേഡിയൻ കോസ്റ്റ് ഗാർഡ്, ബി.സി എയർ ആംബുലൻസ് തുടങ്ങിയ വിവിധ രക്ഷാസേനകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മൂന്ന് എയർ ആംബുലൻസുകളും ക്രിട്ടിക്കൽ കെയർ സംഘവും സജ്ജമായിരുന്നെങ്കിലും പിന്നീട് അവയുടെ സേവനം ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു.

അപകടത്തിൽപ്പെട്ട വിമാനത്തിൽ ഏകദേശം 380 ലിറ്റർ ഇന്ധനം ഉണ്ടായിരുന്നതായി യു.എസ്. കോസ്റ്റ് ഗാർഡ് അറിയിച്ചു. വെള്ളത്തിൽ ചെറിയ തോതിൽ എണ്ണപ്പാളി കണ്ടെത്തിയെങ്കിലും പരിസ്ഥിതിക്കോ കടൽ ഗതാഗതത്തിനോ വലിയ ഭീഷണിയില്ലെന്നാണ് വിലയിരുത്തൽ.വിമാനം അപകടസ്ഥലത്ത് നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!