ന്യൂഡൽഹി : ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) അംഗമായ മലയാളി ഭീകരൻ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നജീബ് (23) എന്നയാളാണ് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഐഎസ് ഖൊറാസന്‍ മുഖപത്രം ‘വോയിസ് ഓഫ് ഖൊറാസന്‍’ റിപ്പോര്‍ട്ട് ചെയ്തു. മലയാളിയും എഞ്ചിനീയറിംഗ് (എം.ടെക്) വിദ്യാർഥിയുമായിരുന്ന നജീബ് കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്.
നജീബ് കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും എവിടെ വെച്ചാണ് സംഭവമെന്നോ എന്നാണ് മരണം സംഭവിച്ചതെന്നോ വ്യക്തമല്ല. നജീബിനെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങളടക്കമുള്ളവ പുറത്തുവിട്ടിട്ടില്ല. അഫ്ഗാനിസ്ഥാനിലെ ഐഎസ് വിഭാഗത്തിൽ ചേർന്ന് പ്രവർത്തിച്ച നജീബ് പാകിസ്ഥാൻ സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്ത ദിവസം തന്നെയാണ് ചാവേറായി പൊട്ടിത്തെറിച്ചതെന്നാണ് വോയിസ് ഓഫ് ഖൊറാസന്‍ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
പാകിസ്ഥാൻ സ്വദേശിനിയുമായി വിവാഹം നടന്ന ദിവസം ഐ എസ് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നുവെന്നും ഇതിനിടെയാണ് മലയാളിയായ നജീബ് ചാവേറായി പൊട്ടിത്തെറിച്ചതെന്നും റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്ത് ബോംബ് സ്ഫോടനങ്ങളുണ്ടായതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സുഹൃത്തുക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇയാൾ വിവാഹത്തിന് സമ്മതിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് നജീബ് ഐഎസിൽ ചേർന്ന് പ്രവർത്തിക്കാൻ എത്തിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് നിരവധിയാളുകൾ അഫ്ഗാനിസ്ഥാനിലെത്തുകയും ഐഎസ് അടക്കമുള്ള ഭീകരസംഘടനകളിൽ അംഗമാകുകയും ചെയ്തിട്ടുണ്ട്. ഇവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. ഭീകരസംഘടനകളിലെത്തിയവരിൽ നിരവധിപേർ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിലും യുദ്ധത്തിലും കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ 2019ൽ അഫ്ഗാൻ സൈന്യം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 25 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു.
അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം അമേരിക്ക ഉപേക്ഷിച്ചതോടെ 2021 ഓഗസ്റ്റ് മധ്യത്തോടെ താലിബാൻ രാജ്യത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതോടെ ഐഎസ് ശക്തിപ്രാപിക്കുകയും ചെയ്തു. താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ തലസ്ഥാന നഗരമായ കാബൂളിലടക്കമുള്ള നിരവധി ജയിലുകളിൽ നിന്ന് ഭീകരരെ മോചിപ്പിച്ചിരുന്നു. കാണ്ഡഹാർ സെൻട്രൽ ജയിൽ പിടിച്ചെടുത്ത താലിബാൻ നിരവധി തടവുകാരെ മോചിപ്പിച്ചു. ഇവർ പിന്നീട് വിവിധ ഭീകരസംഘടനകളിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഐഎസിൽ ചേരാൻ അഫ്ഗാനിസ്ഥാനിലെത്തിയ നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികൾ ജയിൽ മോചിതരായെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.