മെക്‌സിക്കോ സിറ്റി : നിയമവിരുദ്ധമായ മരം മുറിക്കലിനെതിരെ പ്രചാരണം നടത്തിയ തദ്ദേശീയ അവകാശ പ്രവർത്തകൻ വടക്കൻ മെക്‌സിക്കോയിൽ കൊല്ലപ്പെട്ടു. ജോസ് ട്രിനിഡാഡ് ബാൾഡെനെഗ്രോ ആണ് കൊല്ലപ്പെട്ടത്.
2005-ൽ പാരിസ്ഥിതിക പ്രവർത്തനത്തിനുള്ള ഗോൾഡ്‌മാൻ പുരസ്‌കാരം നേടിയ അദ്ദേഹത്തിന്റെ സഹോദരൻ, ഇസിഡ്രോ ബാൽഡെനെഗ്രോ, 2017-ൽ കൊല്ലപ്പെട്ടിരുന്നു. ഒരു വർഷത്തിനുശേഷം, മറ്റൊരു താരാഹുമാര നേതാവായ ജൂലിയൻ കാരില്ലോ കൊല്ലപ്പെട്ടു. കാരില്ലോയുടെ നാല് ബന്ധുക്കളും കൊല്ലപ്പെട്ടിരുന്നു.
ജോസ് ട്രിനിഡാഡ് ബാൾഡെനെഗ്രോ ജോലിക്ക് പോകാനായി കൊളറാഡ ഡി ലാ വിർജനിലെ തന്റെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്ന് അതിർത്തി സംസ്ഥാനമായ ചിഹുവാഹുവ സ്റ്റേറ്റിലെ പ്രോസിക്യൂട്ടർമാർ പറഞ്ഞു. ദൃക്‌സാക്ഷികൾ വെടിയൊച്ചകൾ കേൾക്കുകയും നിരവധി തോക്കുധാരികളെ കാണുകയും ചെയ്തു.
47 കാരനായ ബാൽഡെനെഗ്രോ, വർഷങ്ങളായി അനധികൃത മരം മുറിക്കലിനും ഖനനത്തിനുമെതിരെ പോരാടുന്ന തരാഹുമാരാ ജനതയുടെ ഭാഗമായിരുന്നു. അവിടെ മയക്കുമരുന്ന് സംഘങ്ങൾ പലപ്പോഴും മയക്കുമരുന്ന് നട്ടുപിടിപ്പിക്കാൻ വനം വെട്ടിക്കളഞ്ഞിരുന്നു. ഇയാൾ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്കെതിരെയുള്ള ഭീഷണിയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും പ്രോസിക്യൂട്ടർമാർ പറയുന്നു.
തന്റെ സഹോദരന്റെ കൊലപാതകത്തിന് ശേഷം ബാൽഡെനെഗ്രോ തദ്ദേശീയ പ്രസ്ഥാനത്തിൽ അത്ര സജീവമല്ലായിരുന്നുവന്നു സിയറ മാഡ്രെ അലയൻസ് റൈറ്റ്സ് ഗ്രൂപ്പിലെ ഇസെല ഗോൺസാലസ് പറഞ്ഞു.
2009 മുതൽ തരാഹുമാര പർവതങ്ങളിൽ തുടരുന്ന അക്രമങ്ങൾ കൊളറാഡ ഡി ലാ വിർജൻ കമ്മ്യൂണിറ്റിയിൽ നിന്നുള്ള 200-ലധികം ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഇടയാക്കിയതായി ഇസെല ഗോൺസാലസ് പറഞ്ഞു.
പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്റെ സർക്കാരിന്റെ ആദ്യ മൂന്ന് വർഷങ്ങളിൽ 96 മനുഷ്യാവകാശ പ്രവർത്തകർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ അണ്ടർസെക്രട്ടറി അലജാൻഡ്രോ എൻസിനാസ് ഡിസംബറിൽ പറഞ്ഞു. 90 ശതമാനത്തിലധികം കുറ്റകൃത്യങ്ങളും ശിക്ഷിക്കപ്പെടാതെ പോയി, അദ്ദേഹം പറഞ്ഞു.