ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊക്കകോള(Coca-Cola) ഉപയോഗിക്കുന്ന നാലാമത്തെ രാജ്യമാണ് മെക്സിക്കോ. മെക്‌സിക്കോയിലെ സാന്‍ ജുവാന്‍ ചാമുല(San Juan Chamula) എന്ന ചെറിയ ഗ്രാമത്തില്‍ കൊക്കകോളയ്ക്ക് വേണ്ടി ഉഴിഞ്ഞു വച്ച ഒരു പള്ളി പോലുമുണ്ട്. അവിടെ എവിടെ തിരിഞ്ഞു നോക്കിയാലും കൊക്കകോളയുടെ സാന്നിധ്യം നമുക്ക് തിരിച്ചറിയാം. റോഡില്‍ കാണുന്ന കോളയുടെ ലോഗോ പതിച്ച ചുവന്ന ട്രക്കുകള്‍, വഴിവക്കിലെ കടകളില്‍ കാണുന്ന കൊക്കകോള ഫ്രിഡ്ജുകള്‍, കോളയുടെ വലിയ ബില്‍ബോര്‍ഡ് പരസ്യങ്ങള്‍ എല്ലാം പട്ടണങ്ങളിലെ പരിചിത കാഴ്ചകളാണ്.
അവിടെയുള്ള സകലമാന ജനങ്ങളും ആ ചുവന്ന സോഡയുടെ രുചി ശീലിച്ചു വളര്‍ന്ന ആളുകളാണ്. നിര്‍മാണത്തൊഴിലാളികള്‍ അതിരാവിലെ തന്നെ രണ്ട് ലിറ്ററോ മൂന്ന് ലിറ്ററോ വരുന്ന കുപ്പികള്‍ മുറുകെപ്പിടിച്ച് ജോലിക്ക് പോകുന്നു. തൊട്ടിലില്‍ കുഞ്ഞുങ്ങള്‍ ഓറഞ്ച് സോഡ നിറച്ച കുപ്പികള്‍ കുടിക്കുന്നു. ഇനി മെക്സിക്കോയുടെ തെക്കേ അറ്റത്തുള്ള ചിയാപാസിലാകട്ടെ, കൊക്കകോളയ്ക്ക് മാന്ത്രിക ശക്തിയുണ്ടെന്ന് അടിയുറച്ച് വിശ്വസിക്കുന്നവരാണ് കൂടുതലും. അതിനാല്‍ ഇത് മതപരമായ ആചാരങ്ങളിലും, രോഗശാന്തി ചടങ്ങുകളിലും ഒഴിച്ച് കൂടാനാകാതെ ഒന്നായിട്ടാണ് അവര്‍ കാണുന്നത്. കൂടാതെ, ജന്മദിനം, വിവാഹം തുടങ്ങി എല്ലാ ആഘോഷങ്ങളിലും, ഒത്തുചേരലിലും ഇത് കൂടാതെ കഴിയില്ല. അവിടെയുള്ള കൊക്കകോള ചര്‍ച്ച് ചിയാപാസിലെ സാന്‍ ജുവാന്‍ ചാമുലയുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. വിശ്വാസികള്‍ കരുതുന്നത് ആത്മാവിനെ തിന്മയില്‍ നിന്ന് മോചിപ്പിക്കാന്‍ കൊക്കകോള കുടിച്ചാല്‍ മതിയെന്നാണ്. കൊക്കകോള കുടിച്ചാല്‍ എക്കിള്‍ ഉണ്ടാകാറുണ്ട്. എക്കിള്‍ പുറത്ത് പോകുന്നതിലൂടെ ദുഷ്ടശക്തി ശരീരം വിട്ട് പോകുമെന്നാണ് അവരുടെ വിശ്വാസം.
അതേസമയം അവിടെയുള്ള ആളുകള്‍ എങ്ങനെയാണ് കൊക്കകോളയില്‍ ഇത്രകണ്ട് ആശ്രയിക്കാന്‍ തുടങ്ങിയത്? കുടിവെള്ളം കുറവാണ് എന്നതാണ് ഇതിന് പിന്നിലെ ഒരു പ്രധാന കാരണം. പലയിടത്തും ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രമേ വെള്ളം ലഭിക്കുകയുള്ളൂ. പലരും വെള്ളം അധിക പണം കൊടുത്ത് വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. അതിനാല്‍, പല താമസക്കാരും കുപ്പിവെള്ളത്തേക്കാള്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന കൊക്കകോള കുടിക്കാന്‍ താത്പര്യപ്പെടുന്നു. ഇത് കുടിവെള്ളത്തേക്കാള്‍ വിലകുറവും, സുലഭവുമാണ്. അവിടത്തെ നിവാസികള്‍ പ്രതിദിനം ശരാശരി രണ്ട് ലിറ്ററിലധികം അല്ലെങ്കില്‍ അര ഗ്യാലനില്‍ കൂടുതല്‍ കോക്ക് കുടിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്.
എന്നാല്‍, ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‍നങ്ങള്‍ ചെറുതല്ല. ചിയാപാസിലെ പ്രമേഹം മൂലമുള്ള മരണനിരക്ക് 2013 -നും 2016 -നും ഇടയില്‍ 30 ശതമാനം വര്‍ദ്ധിച്ചിരുന്നു. ഹൃദ്രോഗം കഴിഞ്ഞാല്‍ സംസ്ഥാനത്ത് മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം പ്രമേഹമാണ്. ഓരോ വര്‍ഷവും 3,000 -ത്തിലധികം ആളുകളാണ് ഇത് മൂലം മരണപ്പെടുന്നത്. ഇതിനെതിരെ 2014 ജനുവരിയില്‍, മെക്സിക്കോ പഞ്ചസാര പാനീയങ്ങള്‍ക്കും ജങ്ക് ഫുഡിനും ദേശീയ നികുതി ഏര്‍പ്പെടുത്തിയിരുന്നു. ഓരോ ലിറ്റര്‍ പാനീയത്തിനും 10 ശതമാനമായിരുന്നു നികുതി.
മെക്സിക്കോയുടെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണത്തിലും രാജ്യം മുന്നിലാണ്. “ഏകദേശം 10 ശതമാനം കുട്ടികളും ആദ്യത്തെ ആറ് മാസത്തിനകത്ത് സോഡ കുടിക്കാന്‍ ആരംഭിക്കുന്നു” മെക്സിക്കോ സിറ്റിയിലെ ഫെഡറിക്കോ ഗോമസ് കുട്ടികളുടെ ആശുപത്രിയിലെ ചൈല്‍ഡ് ഒബിസിറ്റി വിദഗ്ധനായ ഡോ. സാല്‍വഡോര്‍ വില്ലാല്‍പാന്‍ഡോ പറയുന്നു. ഇത് കുട്ടികളില്‍ ഉയരക്കുറവ്, വളര്‍ച്ച മുരടിക്കല്‍, പ്രമേഹം എന്നിവയ്ക്ക് കാരണമാകുന്നു. മെക്സിക്കോയില്‍, കൊക്കകോള വെറും ഒരു പാനീയം മാത്രമല്ല, പകരം സംസ്കാരത്തില്‍ വേരൂന്നിയ പഴക്കമേറിയ ഒരു ശീലമാണ്. ആ ശീലത്തെ പിഴുതെറിയാന്‍ സര്‍ക്കാര്‍ പലവിധ പദ്ധതികള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും, ആ മണ്ണില്‍ അത് ഇന്നും തഴച്ച് വളരുകയാണ്.