ന്യൂഡൽഹി : ഉക്രൈനും റഷ്യയും തമ്മിലുള്ള സംഘർഷം രണ്ടാഴ്ച പിന്നിട്ടിട്ടും തുടരുന്ന സാഹചര്യത്തിൽ കീവിലെ ഇന്ത്യൻ എംബസി തൽക്കാലം പോളണ്ടിലേക്ക് മാറ്റാൻ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു.
പ്രതിസന്ധിയിലായ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ ആക്രമണങ്ങൾ ഉൾപ്പെടെ ഉക്രെയ്‌നിലെ അടുത്തിടെ മോശമായ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രാലയം ഞായറാഴ്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചിയാണ് വിവരം പങ്കുവെച്ചത്.
“രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലെ ആക്രമണങ്ങൾ ഉൾപ്പെടെ ഉക്രെയ്നിലെ അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, ഉക്രെയ്നിലെ ഇന്ത്യൻ എംബസി പോളണ്ടിലേക്ക് താൽക്കാലികമായി മാറ്റാൻ തീരുമാനിച്ചു,” MEA യുടെ പ്രസ്താവനയിൽ പറയുന്നു.
“കൂടുതൽ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തും,” പ്രസ്താവനയിൽ പറഞ്ഞു.
ഉക്രെയ്‌നിലെ ഹോട്ട്‌സ്‌പോട്ടായ കീവ്, ഖാർകിവ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി എംഇഎ നേരത്തെ അറിയിച്ചിരുന്നു.