വൻകൂവർ: ഫിഫ ലോകകപ്പ് അടുത്ത മാസം ആരംഭിക്കാനിരിക്കെ, നഗരത്തിലെ പാർക്കുകളിൽ രാത്രികാലങ്ങളിൽ താല്ക്കാലിക ടെന്റുകൾ അടിച്ച് താമസിക്കാൻ ഭവനരഹിതർക്ക്അനുമതി തുടരുമെന്ന് വൻകൂവർ നഗരസഭ. വ്യക്തമാക്കി. ലോകകപ്പുമായി ബന്ധപ്പെട്ട് വാൻകൂവർ പുറത്തിറക്കിയ പ്രത്യേക മനുഷ്യാവകാശ സംരക്ഷണ പദ്ധതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നിരുന്നാലും, നഗരത്തിൽ നിലവിലുള്ള നിയമപ്രകാരം പകൽ സമയങ്ങളിൽ ഇത്തരം താല്ക്കാലിക നിർമ്മിതികളും ടെന്റുകളും പാർക്കുകളിൽ നിന്നും നടപ്പാതകളിൽ നിന്നും നിർബന്ധമായും മാറ്റിസ്ഥാപിക്കേണ്ടി വരും. ലോകകപ്പിന് മുന്നോടിയായി നിർമ്മാണ സ്ഥലങ്ങൾ മറയ്ക്കാനും ഗ്രാഫിറ്റികൾ (ചുവരിലെഴുത്തുകൾ) നീക്കം ചെയ്യാനും ഫിഫ നഗരസഭയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളുടെ മനുഷ്യാവകാശങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും വൻകൂവർ അധികൃതർ ഉറപ്പുനൽകി. ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സമയത്തും നഗരത്തിലെ ബൈലോ ഉദ്യോഗസ്ഥർ അവരുടെ പതിവ് പരിശോധനകൾ തുടരും. പകൽ സമയങ്ങളിൽ പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ പാർക്കുകളും നടപ്പാതകളും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ താല്ക്കാലിക ഷെൽട്ടറുകൾ മാറ്റിസ്ഥാപിക്കണം.

ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ഏഴ് ദിവസങ്ങളിൽ ഭവനരഹിതരായ ആളുകളെ അവരുടെ പ്രദേശങ്ങളിൽ നിന്നോ ബ്ലോക്കുകളിൽ നിന്നോ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കില്ലെന്ന് വൻകൂവർ ഡെപ്യൂട്ടി സിറ്റി മാനേജർ സാന്ദ്ര സിംഗ് വ്യക്തമാക്കി. ലോകകപ്പ് കാണാൻ എത്തുന്ന വിദേശ സഞ്ചാരികളും പ്രാദേശിക കമ്മ്യൂണിറ്റികളും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള അസ്വാരസ്യങ്ങൾ ഉണ്ടാകാതിരിക്കാൻ വളണ്ടിയർമാരുടെ പ്രത്യേക സേവനം ഉറപ്പാക്കും. കൂടാതെ ലൈംഗിക തൊഴിലാളികൾ, സ്ത്രീകൾ, ഭവനരഹിതർ എന്നിവരുടെ സുരക്ഷയ്ക്കായി പ്രത്യേക സാമൂഹിക സേവന സംഘടനകളെയും രംഗത്തിറക്കും. സയൻസ് വേൾഡിന് സമീപമുള്ള ഫോൾസ് ക്രീക്ക് പോലുള്ള പ്രധാന മേഖലകളിൽ മത്സരദിവസങ്ങളിൽ പോലീസിന് പകരം കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംവിധാനം ഏർപ്പെടുത്തും.
ജൂൺ 13-നാണ് വാൻകൂവറിലെ ആദ്യ ലോകകപ്പ് മത്സരം നടക്കുന്നത്. മുൻപ് പുറത്തുവിട്ട പ്രാഥമിക പദ്ധതിക്കെതിരെ നഗരത്തിലെ മനുഷ്യാവകാശ പ്രവർത്തകർ ആശങ്ക ഉന്നയിച്ചിരുന്ന സാഹചര്യത്തിലാണ്, നിലവിലുള്ള സേവനങ്ങളും ഫണ്ടിംഗും കൃത്യമായി രേഖപ്പെടുത്തിയുള്ള അന്തിമ മനുഷ്യാവകാശ നയം വാൻകൂവർ നഗരസഭ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
