റഷ്യന്‍ സൈന്യത്തിന്റെ ആക്രമണം തുടരന്ന ഉക്രൈനില്‍നിന്ന് രക്ഷപ്പെട്ട് പോളണ്ടിലെത്തിയ അഭയാര്‍ഥി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 49 കാരന്‍ അറസ്റ്റില്‍. അഭയം വാഗ്ദാനം ചെയ്താണ് ഇയാള്‍ 19 കാരിയായ ഉക്രേനിയന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ക്രൂരമായ കുറ്റകൃത്യമെന്നാണ് പോളിഷ് അധികൃതര്‍ സംഭവത്തെ വിശേഷിപ്പിച്ചത്. ഉക്രൈനില്‍നിന്ന് പലായനം ചെയ്യുന്ന ദശലക്ഷക്കണക്കിന് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് പീഡന സംഭവം. ഉക്രേനിയന്‍-പോളണ്ട് അതിര്‍ത്തി കടന്ന് മെഡിക അതിര്‍ത്തി ക്രോസിംഗില്‍ വാഹനങ്ങള്‍ക്കായി കാത്തിരിക്കുന്ന അഭയാര്‍ഥികളുടെ ക്യൂ ഇപ്പോഴും പതിവ് കാഴ്ചയാണ്. 19 കാരിയെ അഭയം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതി വീട്ടിലേക്ക് കൊണ്ടുവന്നത്. ഇന്റര്‍നെറ്റ് പോര്‍ട്ടല്‍ വഴി സഹായം വാഗ്ദാനം ചെയ്താണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് 20 ലക്ഷത്തിലധികം ആളുകള്‍ ഉക്രൈന്‍ വിടുകയാണെന്നാണ് കണക്ക്. മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും ഇതിനിടയില്‍ കൂടുതല്‍ വ്യാപകമാകുമെന്ന ഭയത്തിന് കാരണമായിരിക്കയാണ് ഇത്തരം സംഭവങ്ങള്‍. പോളണ്ടിലെ റോക്‌ലോ പോലീസ് ബലാത്സംഗ കുറ്റത്തിന് കസ്റ്റഡിയിലെടുത്ത പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 12 വര്‍ഷം തടവ് അനുഭവിക്കേണ്ടിവരും.